സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വീസ നയത്തില്‍ കൂടുതല്‍ ഉദാരത നല്‍കുന്ന വിദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറീസ് ജോണ്‍സന് സര്‍ക്കാര്‍. ഇതോടെ ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടുന്ന ടയര്‍ 4 വീസ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍ക്കു പുതിയ യുകെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ ലഭിക്കും. ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ 2012 ല്‍ ഡേവിഡ് കാമറോണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ വിസ പൂര്‍ണമായും നിര്‍ത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോള്‍ ബോറീസ് സര്‍ക്കാര്‍ പുനഃസ്ഥാപിക്കുന്നത്
2020 മുതല്‍ പ്രാബല്യത്തികുന്ന പുതിയ നയം പ്രകാരം അടുത്ത രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ഈ സൌകര്യം അനുവദിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആദ്യം രണ്ടു വര്‍ഷമാണ് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുക. ഇവര്‍ പഠിക്കുന്ന കോഴ്‌സ് ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റിലോ ഹൈലി സ്‌കില്‍ഡ് മൈഗ്രേഷന്‍ വീസ പട്ടികയിലോ ഉള്‍പ്പെട്ടതാണെങ്കില്‍ ഇത്തരം വര്‍ക്ക് പെര്‍മിറ്റുകള്‍ നീട്ടിയെടുക്കാനും സാധ്യത തുറക്കും. നിലവില്‍ ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമപ്രകാരം, യുകെ സര്‍വകലാശാലകളില്‍നിന്നു ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടിയ അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കു ജോലി തേടി നാലു മാസം മാത്രമേ രാജ്യത്തു തുടരാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ.
ഈ വര്‍ഷം ഏപ്രിലില്‍, രണ്ടു വര്‍ഷത്തെ വര്‍ക്ക് വീസകളില്‍ ഉള്‍പ്പെടുത്താനുള്ള അവകാശ ബില്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നെങ്കിലും പാര്‍ലമെന്റ് അതു നിരാകരിച്ചിരുന്നു. പഠനാനന്തര ജോലിയുടെ രണ്ടു വര്‍ഷത്തെ സാധുതാ കാലാവധി പുനഃസ്ഥാപിക്കുന്നതിലൂടെ കണക്ക്, എന്‍ജിനിയറിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ മികച്ച പ്രതിഭകളെ രാജ്യത്തിനു ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല