സ്വന്തം ലേഖകന്‍: പാര്‍ലമെന്റ് പാസാക്കിയ നിയമം മറികടന്ന് കരാറില്ലാതെ ഒക്ടോബര്‍ 31നു ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ നീക്കത്തിനെതിരേ സ്പീക്കര്‍ ജോണ്‍ ബെര്‍കോ മുന്നറിയിപ്പു നല്കി. ഇത്തരമൊരു നടപടിയുണ്ടായാല്‍ പാര്‍ലമെന്റിന്റെ അധികാരം പ്രയോഗിച്ചു നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു. പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടും ഒക്ടോബര്‍ 31 എന്ന തീയതിയില്‍ ജോണ്സന് ഉറച്ചുനില്‍ക്കുകയാണ്. അന്ന് എന്തുവന്നാലും കരാറോടുകൂടിയോ, കരാറില്ലാതെയോ യൂറോപ്യന്‍ യൂണിയന് വിടുമെന്നാണു ജോണ്‍സന്റെ നിലപാട്.
ജോണ്‍സന്റെ നീക്കത്തെ ബാങ്ക് കൊള്ള!യോടാണു സ്പീക്കര്‍ ഉപമിച്ചത്. ഒക്ടോബര്‍ 19നകം യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താനായില്ലെങ്കില്‍ ബ്രെക്സിറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന നിയമമാണു തിങ്കളാഴ്ച പാര്‍ലമെന്റ് പാസാക്കിയത്. ഇതിനു പിന്നാലെ ജോണ്സന് പാര്‍ലമെന്റ് സമ്മേളനം സസ്പെന്‍ഡ് ചെയ്തു. ഒക്ടോബര്‍ 31നു രാജി സമര്‍പ്പിക്കുമെന്ന് ബെര്‍കോ വ്യക്തമാക്കിയിട്ടുണ്ട്.
നിയമ ലംഘനത്തെക്കുറിച്ച് ആലോചിക്കുന്നു എന്നതു പോലും അംഗീകരിക്കാനാവാത്ത കാര്യമാണ്. അങ്ങനെ ഒരു നീക്കമുണ്ടായാല്‍ അതു സമൂഹത്തിനു കൊടുക്കുന്നത് ഏറെ വിപല്‍ക്കരമായ സന്ദേശമായിരിക്കുമെന്നു ബെര്‍കോ ചൂണ്ടിക്കാട്ടി. ഇതിനിടെ പാര്‍ലമെന്റ് പ്രോറോഗ് ചെയ്തത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണെന്ന് ജോണ്സന് എതിരേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ നുണ പറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല