1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2019

സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്നു കരുതുന്നവര്‍ ഇസ്താംബുള്‍ കോണ്‍സുലേറ്റില്‍ ഖഷോഗ്ജി എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ ജീവനോടെ വെട്ടിനുറുക്കുണമെന്ന രീതിയില്‍ സംസാരിക്കുകയും തമാശപറയുകയും ചെയ്തിരുന്ന രഹസ്യ ശബ്ദരേഖ യു.എന്‍ അന്വേഷക സംഘം പരിശോധിച്ചു.

പ്രധാന വിവരങ്ങളടങ്ങിയ ശബ്ദരേഖ തുര്‍ക്കി യു.എന്നിനും ഫ്രാന്‍സിനും ജര്‍മനിക്കും ബ്രിട്ടണിനും കൈമാറുകയായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകം അന്വേഷിക്കുന്ന യു.എന്‍ സംഘത്തിലെ ബ്രിട്ടീഷ് അഭിഭാഷകയായ ഹെലെന കെന്നഡി ശബ്ദരേഖ കേട്ട് പറഞ്ഞത് ഖഷോഗ്ജി ഒരു ‘ബലിമൃഗം’ ആയിരുന്നു എന്നാണ്.

ശരീരം ബാഗില്‍ ഇങ്ങനെ വെച്ചാല്‍ ഒതുങ്ങുമായിരിക്കുമോ’ എന്ന് അവര്‍ക്കിടയില്‍ സംഭാഷണമുണ്ടായിരുന്നതായി തിങ്കളാഴ്ച രാത്രി സംപ്രേഷണം ചെയ്ത ബി.ബി.സിയുടെ പനോരമ ഡോക്യുമെന്ററി പ്രോഗ്രാമില്‍ ഹെലെന കെന്നഡി പറഞ്ഞു.

സൗദി കോണ്‍സുലേറ്റിലെ തുര്‍ക്കി കൊലപാതകികള്‍ ഖഷോഗ്ജിയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിനായി കൊണ്ടുവന്നെന്നു കരുതുന്ന ഫോറന്‍സിക് പാത്തോളജിസ്റ്റ് പറയുന്നത് “താന്‍ മൃതദേഹം മുറിക്കുമ്പോള്‍ സംഗീതം കേള്‍ക്കുകയായിരുന്നു. ചില സമയങ്ങളില്‍ കൈയില്‍ കാപ്പിയും സിഗരറ്റും ഉണ്ടാവുമായിരുന്നു, ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ നിലത്തുവെച്ച് ഒരാളെ വെട്ടുന്നത്. ഒരു അറവുകാരനാണെങ്കില്‍ പോലും അയാള്‍ വെട്ടിമുറിക്കാന്‍ ശരീരം തൂക്കിയിടുകയാണ് ചെയ്യുക,” എന്നാണെന്നും കെന്നഡി കൂട്ടിച്ചേർത്തു.

ഖഷോഗ്ജിയുടെ വരവിനായി കാത്തിരുന്നവര്‍ “ആ ബലി മൃഗം വന്നോ?“ എന്നാണ് ചോദിച്ചതെന്നും കെന്നഡി പറഞ്ഞു. ഖഷോഗ്ജി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത് തന്റെ വിവാഹ മോചനം നേടുന്നതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിയാക്കാനായിരുന്നു.

‘നിങ്ങള്‍ എനിക്ക് ഇന്‍ജക്ഷന്‍ തരാന്‍ പോവുകയാണോ’ എന്നും മറ്റും ഖഷോഗ്ജി ചോദിക്കുന്നതായും സംസാരത്തില്‍ വ്യക്തമായതായും ‘അതെ’ എന്ന് ഒരാള്‍ മറുപടി പറയുന്നതായും ശബ്ദരേഖയില്‍ വ്യക്തമാണെന്ന് യു.എന്‍ വക്താവ് ആഗ്നസ് കാലമാര്‍ഡും പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.