സ്വന്തം ലേഖകൻ: സൗദി പ്രതിസന്ധിയിലാണ്. അരാംകോയുടെ അബ്ഖൈക്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്റെ ആഘാതം നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ ഭീകരമാണെന്നാണ് പുതിയ വാര്‍ത്തകള്‍ നല്കുന്ന സൂചനകള്‍.
സൗദിയുടെ മൊത്തം ഉല്പാദനത്തിന്റെ പകുതിയിലധികം അഥവാ ആഗോള ഉല്പാദനത്തിന്റെ 6 % വരെയാണ് ആക്രമണം മൂലം ഇല്ലാതായത്. മാത്രമല്ല, ഏറ്റവും മികച്ച ഗുണനിലവാരമുള്ള പെട്രോളിയം ഉല്പന്നങ്ങള് നല്കുന്ന പ്ലാന്റുകളാണ് തകര്‍ന്നത്. താരതമ്യേന ഗ്രേഡ് കുറഞ്ഞ പെട്രോള്‍ നല്കുന്ന റാസ് തനൂറ പോലുള്ള പ്ലാന്റുകള്‍ മാത്രമായിരിക്കും ഇനി സൗദിയുടെ പ്രധാന സ്രോതസ്. അതും ഒരു വര്‍ഷത്തേക്ക് മാത്രം.
വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉല്പാദനം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ചുരുങ്ങിയത് 10 മാസമെങ്കിലും എടുക്കുമെന്നാണ് പറയുന്നത്. ഇതോടെ അമേരിക്കയും സൗദിയും ഇറാന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതീവ ഗുരുതരമായ സാഹചര്യം ഉള്‍ക്കൊണ്ട് ഇറാഖ് പോലുള്ള അയല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത് മറിച്ച് വില്‍ക്കാനാണ് സൗദി ശ്രമം. ഇതിന് തുടക്കമിട്ടതായും ജേര്‍ണല്‍ വാര്‍ത്ത പറയുന്നു.
ആരായാലും വളരെ കൃത്യവും ആസൂത്രിതവുമായ ആക്രമണമായിരുന്നു ലക്ഷ്യമെന്നും അതിലവര്‍ വിജയിച്ചുവെന്നും വ്യക്തം. സൗദി സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുക, പ്രതിരോധ സംവിധാനത്തിന്റെ ദൗര്‍ബല്യം തുറന്ന് കാട്ടുക എന്നീ രണ്ട് ലക്ഷ്യങ്ങളും നേടിക്കഴിഞ്ഞു. ട്രംപിന്റെ പിന്തുണ കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നും ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കും പ്രോക്സി യുദ്ധങ്ങള്‍ക്കും തുല്യ നാണയത്തില്‍ തിരിച്ചടി നല്കാന് ഇറാന് സാധിക്കുമെന്നും വ്യക്തമാണ്.
ഈ തിരിച്ചറിവ് വളരെ വളരെ വൈകിയാണെങ്കിലും മുഹമ്മദ് ബിന്‍ സല്മാന് കിട്ടിയിട്ടുണ്ട്. ഇന്നലെ സി ബി എസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത് ‘ഇറാനുമായുള്ള യുദ്ധമെന്നത് ആഗോള തലത്തില്‍ തന്നെ സര്‍വ്വ നാശമായിരിക്കുമെന്നും താന്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും’ ആണ്. ആക്രമണം കഴിഞ്ഞ ഉടനെ ട്രംപും സമാധാനത്തെ പറ്റി വാചാലനായിരുന്നു.
അമേരിക്കയോ സൗദിയോ തങ്ങള്‍ക്കെതിരെ ഒരു യുദ്ധമഴിച്ചു വിട്ടാല്‍ ഒട്ടും ഏകപക്ഷീയമാവില്ലെന്ന സന്ദേശമാണ് ഇറാന് നല്‍കുന്നത്. ഇക്കാര്യം നന്നായറിയുന്നതിനാലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടക്ക് കടുത്ത ശത്രുതയിലായിട്ട് പോലും ഇറാനെതിരില്‍ ഒരു തുറന്ന ആക്രമണത്തിന് അമേരിക്ക മുതിരാതിരുന്നതും.
ഇതിനിടെ ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാഖ് ശ്രമം തുടങ്ങി. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി സൗദിയിലെത്തി സല്മാന് രാജാവുമായി ചര്‍ച്ച നടത്തി. സൗദിയുടെ നിലപാടുകള്‍ ഇറാന് സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന് സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചമേഷ്യന്‍ രാഷ്ട്രീയം ചരിത്രപരമായ ഗതിമാറ്റത്തിന്റെ പാതയിലേക്കാണെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇറാനെതിരായ സൈനിക നീക്കം എണ്ണവില വര്‍ധിക്കാന്‍ കാരണമാകുമെന്ന് ബിന്‍ സല്മാന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഊര്‍ജമേഖലയിലെ 30 ശതമാനം വിതരണം ചെയ്യുന്നത് ഗള്‍ഫ് മേഖലയിലാണ്. മാത്രമല്ല, ആഗോള ചരക്ക് കടത്തിന്റെ 20 ശതമാനവും ഗള്‍ഫിലൂടെയാണ്. യുദ്ധമുണ്ടായാല്‍ സൗദിയേയോ പശ്ചിമേഷ്യയോ മാത്രമല്ല, മുഴുവന്‍ രാജ്യങ്ങളെയും ബാധിക്കുമെന്ന് ബിന്‍ സല്മാന് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല