സ്വന്തം ലേഖകൻ: തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്. സുഗമവും സുഖകരവുമായ യാത്ര ആസ്വദിച്ചതായി ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽനിന്ന് മുപ്പത് മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
“വളരെ സുഗമമായ യാത്ര. ഞാൻ ആസ്വദിക്കുകയായിരുന്നു. എച്ച്എഎല്ലിനെയും ഡിആർഡിഒയെയും ബന്ധപ്പെട്ട മറ്റെല്ലാ ഏജൻസികളെയും അഭിനന്ദിക്കുന്നു. ലോകമെമ്പാടും യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയുന്ന തലത്തിലേക്ക് നമ്മളെത്തി,” രാജ്നാഥ് സിങ് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.
തേജസ് യുദ്ധവിമാനം വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതു കൂടിയാണ് കേന്ദ്രമന്ത്രിയുടെ നടപടിയെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. “തേജസ് വിമാനങ്ങൾ പറപ്പിക്കുന്ന വ്യോമസേന പൈലറ്റുമാരുടെ മനോവീര്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും,” പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തേജസ് വിമാനപ്പറക്കലിന് ശേഷം ഇന്ന് ഡിആർഡിഒ സംഘടിപ്പിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളുടെ പ്രത്യേക പ്രദർശനത്തിലും രാജ്നാഥ് സിങ് പങ്കെടുക്കും.
വ്യോമസേനയിൽ ഇപ്പോൾത്തന്നെ ഒരു ബാച്ച് ‘തേജസ്’ വിമാനങ്ങളുണ്ട്. കപ്പലുകളിൽ ഉപയോഗിക്കാവുന്ന തരത്തിൽ നാവികസേനയ്ക്ക് വേണ്ടിയുള്ള തേജസ് വിമാനങ്ങൾ ഡിസൈനിങ് ഘട്ടത്തിലാണ്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ നിർമിത യുദ്ധവിമാനമായ തേജസ്ഗോ വയിൽ വിജയകരമായി ”അറസ്റ്റഡ് ലാൻഡിംഗ്” നടത്തിയത്.
ആദ്യഘട്ടത്തിൽ വ്യോമസേനയ്ക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡ് തയ്യാറാക്കി നൽകുന്നത് 40 തേജസ് വിമാനങ്ങളാണ്. കഴിഞ്ഞവർഷം 50,000 കോടി രൂപ ചെലവിൽ 83 തേജസ് വിമാനങ്ങൾ കൂടി തയ്യാറാക്കാൻ വ്യോമസേന എച്ച്എഎല്ലിന് ഓർഡർ നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല