സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി സംഭവിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരെ സൈനിക നടപടിയ്ക്ക് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഒരു പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിങ്ങുമായി നടത്തിയ സംവാദത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സന്യാസിയെപ്പോലുള്ള മനുഷ്യന്’ എന്നാണ് പുസ്തകത്തില്‍ മന്മോഹന് സിങ്ങിനെ കാമറൂണ്‍ വിശേഷിപ്പിക്കുന്നത്.
2010നും 2016നും ഇടയില്‍ മൂന്നുതവണ കാമറൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2016ലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുന്നത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടാനുള്ള തീരുമാനത്തിന് ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയായിരുന്നു കാമറൂണിന്റെ രാജി.
“പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി നല്ല ബന്ധമുണ്ടായിരുന്നു. അദ്ദേഹം സന്യാസി തുല്യനായ മനുഷ്യനാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീഷണികള്‍ സംബന്ധിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. 2011 ജൂലൈയിലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക നടപടിയെടുക്കുമെന്ന് ഒരു സന്ദര്‍ശനത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നയതന്ത്രതലത്തില്‍ ബഹിഷ്കരിക്കാനുള്ള തീരുമാനം യു.കെ അവസാനിപ്പിക്കുന്ന സമയത്ത് കാമറൂണായിരുന്നു പ്രധാനമന്ത്രി. 2008ലും 2011ലും മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായി. ഒപെറ ഹൗസ്, സാവേരി ബസാര്‍, ദാദര്‍വെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു 2011ല്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല