സ്വന്തം ലേഖകൻ: ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള ഹോങ്കോങ്ങിലെ പ്രക്ഷോഭം ലോകത്തെങ്ങും വലിയ വാര്‍ത്തയാണ്. ഇരുമ്പുമറയ്ക്കുള്ളില്‍ ഭരണം നടക്കുന്ന ചൈനയിലെ ഒരു സ്വതന്ത്ര ഭരണപ്രദേശമായ ഹോങ്കോങ് തെരുവുകള്‍ ഈ പ്രക്ഷോഭത്തിന്‍റെ മാറ്റോലിയിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന്റെ നൂറാം നാളിൽ പതിനായിരക്കണക്കിന് ആളുകൾ വിലക്കു ലംഘിച്ച് പ്രകടനം നടത്തി.
ഒരുവിഭാഗം സർക്കാർ ഓഫിസുകളിലേക്ക് കല്ലും പെട്രോൾ ബോംബും എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ ബ്രിട്ടിഷ് സഹായം അഭ്യർഥിച്ച് വേറൊരു കൂട്ടർ കോൺസുലേറ്റിനു പുറത്ത് ബ്രിട്ടിഷ് ദേശീയഗാനം ആലപിക്കുകയും ‘ഹോങ്കോങ്ങിനെ രക്ഷിക്കുക’ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പലപ്പോഴും വാരാന്ത്യത്തില്‍ പ്രക്ഷോഭം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കുടചൂടിയും, മുഖം മറച്ചും എത്തുന്ന പ്രക്ഷോഭകര്‍ നിരന്തരം ചൈനീസ് പൊലീസിന് തലവേദനയാകുന്നു. അതേ സമയം ചൈനീസ് അധികൃതരുടെ നിയന്ത്രണങ്ങളെയും പൊലീസ് അറസ്റ്റിനെയും തടയാന്‍ പ്രക്ഷോഭകര്‍ ടെക്നോളജിയുടെ സഹായത്തോടെ നടത്തുന്ന വിദ്യകളും ചര്‍ച്ചയാകുന്നുണ്ട്. പ്രക്ഷോഭകരില്‍ ഭൂരിഭാഗവും കുടചൂടിയാണ് പ്രക്ഷോഭത്തിന് എത്തുന്നത്. തങ്ങളുടെ ഐഡന്‍റിറ്റി മറയ്ക്കുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. തെരുവുകളിലെ വലിയ തൂണുകളിലും കെട്ടിടങ്ങളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ കണ്ണുവെട്ടിക്കാനും ഇതിലൂടെ സാധിക്കുന്നു.
ചൈനയില്‍ വാട്ട്സ്ആപ്പിനും മറ്റും നിരോധനമുണ്ട്. എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ ആണ് ഹോങ്കോങ്ങില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫോണ്‍. ലോകത്ത് തന്നെ തങ്ങളുടെ പൗരന്മാരെ നിരീക്ഷിക്കാന്‍ ഏറ്റവും വലിയ സംവിധാനമുള്ള രാജ്യമാണ് ചൈന. ഇതിന് പരിഹാരമായി ഫയലുകളും സന്ദേശങ്ങളും കൈമാറാന്‍ ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍ ഒരു വലിയ എയര്‍ ഡ്രോപ്പ് ശൃംഖല തന്നെ രൂപപ്പെടുത്തി. എന്‍ഡ് ടു എന്‍ഡ് ട്രാന്‍സ്ക്രിപ്ഷന്‍ നല്‍കുന്ന ടെലഗ്രാം ആണ് പ്രക്ഷോഭകര്‍ സന്ദേശ കൈമാറ്റത്തിന് ഉപയോഗിക്കുന്നത്.
പ്രക്ഷോഭകര്‍ ഉപയോഗിക്കുന്ന വലിയ ആയുധമായ ലേസര്‍ ലൈറ്റുകള്‍ പൊലീസുകാരുടെ കണ്ണിലേക്ക് അടിച്ച് അവരുടെ കാഴ്ച പോലും പോകുന്നുവെന്ന് പൊലീസ് അരോപിക്കുന്നു. സാധാരണ ഇലക്ട്രോണിക് കടകളില്‍ 10 ഡോളറിന് ഇത് ലഭിക്കും. 2010 കാലഘട്ടത്തിലെ അറബ് വസന്ത പ്രക്ഷോഭങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍ ഇത് ഉപയോഗിക്കുന്നത്.
മുഖം മറച്ച് തങ്ങളുടെ ഐഡന്‍റിറ്റി വെളിവാക്കാതെ രംഗത്ത് ഇറങ്ങുന്നവരാണ് ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാരുമുണ്ട്. ഹോങ്കോങ്ങിലെ ഒരോ വ്യക്തിക്കും അവരെ തിരിച്ചറിയുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് ഐഡി കാര്‍ഡും സബ് വേ കാര്‍ഡുമുണ്ട്. ഇത് മുതലാക്കാൻ ദൂരെ നിന്ന് ഇത്തരം കാര്‍ഡുകള്‍ സ്കാന്‍ ചെയ്യാന്‍ സാധിക്കുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് യന്ത്രങ്ങള്‍ പൊലീസ് സ്ഥാപിച്ചു തുടങ്ങി.
എന്നാൽ അലുമിനീയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് തങ്ങളുടെ ഐഡികാര്‍ഡുകള്‍ സുരക്ഷിതമായി പൊതിഞ്ഞാണ് പ്രക്ഷോഭകര്‍ റോഡിലിറങ്ങിയത്. ഇതോടെ ഇത്തരം യന്ത്രങ്ങള്‍ക്ക് സ്കാനിംഗ് അസാധ്യമായി. സബ് വേ കാര്‍ഡ് ഉപയോഗിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ വഴി പ്രക്ഷോഭകര്‍ പ്രക്ഷോഭ സ്ഥലത്ത് എത്തുമ്പോള്‍ അവര്‍ ഉപയോഗിച്ച കാര്‍ഡ് വിവരങ്ങള്‍വച്ച് അവരെ തിരിച്ചറിയുക എന്ന തന്ത്രം പോലീസ് പ്രയോഗിച്ചപ്പോൾ പണം കൊടുത്താല്‍ വണ്‍വേ ടിക്കറ്റ് കിട്ടുന്ന സംവിധാനം കൂടുതലായി പ്രക്ഷോഭകര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ആ വഴിയും അടഞ്ഞ മട്ടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല