സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടിന്റെ’ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തെ കുറിച്ച് കേട്ടതൊക്കെ ശരിയാണെന്ന് ഉറപ്പു നല്‍കുന്നതാണ് ടീസര്‍. മികച്ച ഫ്രെയിമുകളും അതിനൊത്ത ഗംഭീര പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ ഹൈലൈറ്റ്.
അറക്കാന്‍ കൊണ്ടു വന്ന പോത്ത് രക്ഷപ്പെട്ട് ഓടുന്നതും അതിനെ പിടിച്ചു കെട്ടാനായി ഒരുഗ്രാമം മുഴുവന്‍ പിന്നാലെ പായുന്നതുമാണ് ടീസറിലുള്ളത്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ് ടീസര്‍. ജല്ലിക്കട്ട് 2019ല്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലായിരുന്നു ജെല്ലിക്കെട്ടിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്.
ഗ്രാമത്തില്‍ കയറുപൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജെല്ലിക്കെട്ട്. എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ രണ്ടാം ദിവസം ജെല്ലിക്കെട്ട് പ്രദര്‍ശിപ്പിച്ചപ്പോള്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ചോദ്യോത്തര വേളയിൽ സംഘാടകർ ലിജോയെ മാസ്റ്റർ ഓഫ് കയോസ് എന്ന് വിശേഷിപ്പിച്ചതും ശ്രദ്ധേയമായി.
ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രന്‍ സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജെല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല