സ്വന്തം ലേഖകൻ: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. ഇന്ന് ഹൂസ്റ്റണില്‍ നല്കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അടുത്ത വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതു സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.
എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് വൈകിട്ടാണ് ‘ഹൗഡി മോദി’യെന്ന് പേരിട്ടിട്ടുള്ള റാലി. പരിപാടിയില്‍ വിശിഷ്ടാതിഥിയായി ഡൊണാള്‍ഡ് ട്രംപും എത്തുന്നുണ്ട്. അരലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ഒരുമിച്ച് പൊതു പരിപാടിയെ അഭിസംബോധന ചെയ്യാന്‍ പോകുന്നത് ഇതാദ്യമാണ്. സ്വീകരണ ചടങ്ങിന് ശേഷം യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും.
തിങ്കളാഴ്ച്ച ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരവാദ ഭീഷണി തുടങ്ങിയ വിഷയങ്ങളില്‍ മോദി പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും 24ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉച്ചവിരുന്നില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഗാന്ധിജിയുടെ 150 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമാകും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ‘ഗ്ലോബൽ ഗോൾകീപ്പേഴ്സ് ഗോൾസ്’ അവാര്‍ഡും പ്രധാനമന്ത്രി ഏറ്റുവാങ്ങും.
ഹൗഡി മോദിക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്ന് സൂചന. യു.എസ്. ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും, യു.എസില്‍നിന്ന് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യ ശ്രമിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാ പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടായേക്കും.
ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ഉത്പന്നങ്ങളില്‍നിന്നും കാര്‍ഷിക ഉത്പന്നങ്ങളുടെ അധിക തീരുവ കുറയ്ക്കാനാകും യു.എസ്. ആവശ്യപ്പെടുക. യു.എസില്‍നിന്നുള്ള ബദാം, പന്നി മാംസം, ക്ഷീര ഉത്പന്നങ്ങള്‍, ചെറിപ്പഴം, ആപ്പിള്‍ തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ക്ഷീര ഉത്പന്നങ്ങള്‍ അടക്കം ചില ഉത്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കുമെന്നാണ് സൂചന. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും തീരുവ കുറയ്ക്കാനും യു.എസ്. സമ്മര്‍ദം ചെലുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല