സ്വന്തം ലേഖകൻ: മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന സൂചന നല്കി ആര്‍മി തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇന്ത്യയ്ക്കെതിരെ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന് തയ്യാറെടുക്കുയാണെന്ന സൂചന റാവത്ത് നല്‍കിയത്. ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് വീണ്ടും സജീവമാക്കിയതതായും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
‘ബാലകോട്ടിനെ അവര്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ബാലകോട്ടിലെ അവരുടെ കേന്ദ്രങ്ങള്‍ നമ്മള് ആക്രമണത്തില്‍ നശിപ്പിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ വീണ്ടും അവിടം സജീവമാക്കിയിരിക്കുന്നു. അഞ്ഞൂറോളം നുഴഞ്ഞുകയറ്റക്കാരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് കയറാന്‍ കാത്തിരിക്കുന്നത്.
തീവ്രവാദികളെ നമ്മുടെ പ്രദേശത്തേക്ക് തള്ളിവിടുന്നതിന് വേണ്ടി പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിക്കുന്നു. വെടിനിര്‍ത്തല്‍ ലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. നമ്മുടെ സൈനികര്‍ക്ക് സ്വയം പ്രതിരോധിക്കാനും ആക്രമിക്കാനും അറിയാം. ഞങ്ങള്‍ ജാഗ്രതയിലാണ്. പരമാവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഉറപ്പാക്കും.- റാവത്ത് പറഞ്ഞു.
ജയ്ഷെ ആക്രമണത്തെ മറികടക്കാന്‍ കരസേന മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് എന്തുകൊണ്ട് നടത്തിക്കൂടാ എന്നായിരുന്നു ബിപില്‍ റാവത്തിന്റെ മറുപടി.
“എന്തുകൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് ആവര്‍ത്തിച്ചുകൂടാ? അല്ലെങ്കില്‍ അതിനപ്പുറം പോയ്ക്കൂടാ? അത് അവര്‍ ഊഹിക്കട്ടെ,” ബിപിന്‍ റാവത്ത് പറഞ്ഞു. ബാലകോട്ടിനെ പാകിസ്ഥാനാണ് വീണ്ടും സജീവമാക്കിയതെന്നും ജനറല്‍ റാവത്ത് കുറ്റപ്പെടുത്തി. ഫെബ്രുവരി 14 ന് പുല്‍വാമയിലെ സി.ആര്.പി.എഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ വ്യോമസേന ബാലകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്റെ പ്രധാനപ്പെട്ട തീവ്രവാദ ക്യാമ്പുകളിലൊന്നില്‍ വ്യോമാക്രമണം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല