സ്വന്തം ലേഖകൻ: ഒടുവിൽ പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആധാർ അതോറിറ്റിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം.
കേന്ദ്ര ഐ.ടി വകുപ്പാണ് ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഇതുമായി ബന്ധെപ്പട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഉത്തരവ് പറയുന്നു. പാസ്പോർട്ടിനു പുറമെ താമസ രേഖ, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്. പാസ്പോർട്ട് ഇല്ലാത്ത സാഹചര്യത്തിൽ താമസ രേഖയുടെ പുറത്ത് ആധാർ കാർഡ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.
നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആധാർ കാർഡ് എളുപ്പം ലഭ്യമാക്കാനുള്ള സൗകര്യം വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ 180 ദിവസമെങ്കിലും തുടർച്ചയായി നാട്ടിൽ നിൽക്കുന്നവർക്കു മാത്രമായിരുന്നു ആധാർ കാർഡ് ലഭിക്കാനുള്ള അർഹത. നാട്ടിലേക്ക് പുറപ്പെടും മുമ്പ് തന്നെ ഓൺലൈൻ വഴി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സൗകര്യവും ലഭ്യമായിരിക്കും.
എന്നാൽ നാട്ടിലെ ആധാർ കേന്ദ്രങ്ങൾക്കു പുറമെ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഏർെപ്പടുത്തണമെന്ന ആവശ്യം ശക്തമാണ്. പാസ്പോർട്ട് ഇഷ്യു ചെയ്യുന്ന അതേ മാതൃകയാണ് ആധാർ കാർഡിന്റെ കാര്യത്തിലും. ഗൾഫ് നയതന്ത്ര കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭിക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ഗുണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല