സ്വന്തം ലേഖകൻ: വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം യുഎസിനൊപ്പം കൈകോർത്തതു പാക്കിസ്ഥാൻ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. യുഎസിനൊപ്പം കൈകോർത്ത ജനറൽ പർവേസ് മുഷാറഫിന്റെ തീരുമാനത്തെ വിമർശിച്ച് ന്യുയോർക്കിൽ സംസാരിക്കവെയായിരുന്നു ഇമ്രാന്റെ പരാമർശം.
1980-കളിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കു യുഎസിന്റെ സഹായത്തോടെ കടന്നുകയറ്റം നടത്തിയപ്പോൾ, പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ലോകമെന്പാടുമുള്ള ഭീകരരെ സോവിയറ്റുകൾക്കെതിരേ വിശുദ്ധയുദ്ധം നടത്തുന്നതിനായി ക്ഷണിച്ചു. സോവിയറ്റുകൾക്കെതിരേ പോരാടുന്നതിനു ഭീകരരെ സൃഷ്ടിച്ചു. അപ്പോൾ ജിഹാദികൾ ഹീറോകളാണ്. 1989-ൽ സോവിയറ്റ് അഫ്ഗാൻ വിട്ടു. ഇപ്പോൾ യുഎസും അഫ്ഗാൻ വിടുന്നു. ഇപ്പോൾ ഈ സംഘങ്ങൾ പാക്കിസ്ഥാന്റെ മാത്രം ഉത്തരവാദിത്തമായി- ഇമ്രാൻ പറഞ്ഞു.
9/11 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം പാക്കിസ്ഥാൻ ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ യുഎസിനൊപ്പം കൈകോർത്തു. ഇപ്പോൾ പാക്കിസ്ഥാൻ ഒറ്റയ്ക്ക് ആ ഭീകരർക്കെതിരേ പോരാടേണ്ടി വരുന്നു. വിദേശ കടന്നുകയറ്റത്തിനെതിരേ പോരാടുന്നത് വിശുദ്ധ യുദ്ധമാണെന്നാണ് അവരെ പഠിപ്പിച്ചത്. എന്നാൽ യുഎസ് അഫ്ഗാനിസ്ഥാനിൽ എത്തിയപ്പോൾ അത് ഭീകരതയായി മാറിയെന്നും ഇമ്രാൻ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പാക്കിസ്ഥാൻ ഇടപെടാൻ പാടില്ലായിരുന്നെന്നും നിഷ്പക്ഷത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
2001-ൽ യുഎസ് സൈന്യം എത്തുന്നതിനു മുന്‍പ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനുനേരെ പാക്കിസ്ഥാൻ വിമർശനങ്ങൾ ഉയർത്തിയിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ യുഎസ് അഫ്ഗാനിൽ സൈനിക നടപടി ആരംഭിച്ചപ്പോൾ, താലാബാനെതിരായ നടപടികൾക്കു പാക്കിസ്ഥാൻ പിന്തുണ നൽകി. ഇതിനെയാണ് ഇപ്പോൾ ഇമ്രാൻ വിമർശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല