സ്വന്തം ലേഖകന്‍: ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടി ശരണ്യയുടെ ഓപ്പറേഷന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് നടി സീമാ ജി നായര്‍ ഷെയര്‍ ചെയ്ത വീഡിയോ വലിയ വാര്‍ത്തയായിരുന്നു.
ശരണ്യ എഴാമത്തെ ശസ്ത്രക്രീയയ്ക്ക് വിധേയവാകുകയാണെന്നും അവസ്ഥ വളരെ ദയനീയമാണെന്നും സാമ്പത്തികമായി പോലും ബുദ്ധിമുട്ടുന്ന നേരിടുന്ന അവസ്ഥയില്‍ ശരണ്യയെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു സീമ ജി നായര്‍ വീഡിയോയില്‍ എത്തിയത്.
ആദ്യത്തെ ഓപ്പറേഷനുള്ള തുകയ്ക്ക് എല്ലാവരും സഹായിച്ചിരുന്നെന്നും വീണ്ടും വീണ്ടും അസുഖം പിടിമുറുക്കിയപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചവരെല്ലാം മുഖം ചുളിച്ചെന്നുമായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോയില്‍ സീമ ജി നായര്‍ പറഞ്ഞത്.
അന്നത്തെ തന്റെ സഹായാഭ്യര്‍ത്ഥന നിവൃത്തികേടുകൊണ്ടായിരുന്നെന്നും 50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്ന് മാത്രമേ അപ്പോള്‍ ചിന്തിച്ചിരുന്നുള്ളൂവെന്നും സീമ ജി നായര്‍ പറയുന്നു.
‘ വീഡിയോയ്ക്കുള്ള പ്രതികരണം ഞങ്ങളെ തന്നെ ഞെട്ടിച്ചു. വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ശരണ്യയുടെ ഓപ്പറേഷനുള്ള പണം അവളുടെ അക്കൗണ്ടിലെത്തി. വീഡിയോ ജനങ്ങളിലെത്തിച്ചതിന് മാധ്യമങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണമായും തളര്‍ന്നുപോയ ശരീരത്തിന്റെ വലതുഭാഗത്തിന് ചലനശേഷി തിരിച്ചുകിട്ടി തുടങ്ങി. തുടര്‍ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗം ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് അവര്‍ തന്നിട്ടില്ല. അത് തന്നെയാണ് ഞങ്ങളുട ഭയവും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സീമ ജി നായര്‍ പറഞ്ഞു.
ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്ധന്യാവസ്ഥയില് തന്നെ തിരികെ വരുകയായിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ശരണ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല