സ്വന്തം ലേഖകന്‍: എളുപ്പവഴിക്കായി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചവരെ പ്രധാനറോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ‘എളുപ്പവഴി’ കാണിച്ചുകൊടുത്താണ് ഗൂഗിള്‍ മാപ്പ് കുടുക്കിയത്.
കഴിഞ്ഞ ഞായറാഴ്ച ഡെന്‍വെര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന നൂറോളം കാറുകളാണ് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചതിനാല്‍ വഴിയില്‍കിടന്നത്. പ്രധാനറോഡില്‍ ഗതാഗതക്കുരുക്കായതിനാല്‍ എളുപ്പവഴിയിലൂടെ പോകാനായിരുന്നു ഗൂഗിള്‍ മാപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഈ വഴിയാകട്ടെ ഇടുങ്ങിയതും ചെളിനിറഞ്ഞതുമായിരുന്നു. ഇതറിയാതെ എത്തിയ കാറുകള്‍ ഒന്നൊന്നായി ചെളിയില്‍ പൂണ്ടതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാറുകള്‍ വഴിയില്‍ കുടുങ്ങിയതോടെ പലര്‍ക്കും കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താനായില്ല. ഇതിനിടെ ഫോര്‍വീല്‍ ഡ്രൈവ് സംവിധാനമുള്ള ചില വാഹനങ്ങള്‍ അതിസാഹസികമായി ചെളിയില്‍നിന്ന് പുറത്തുകടന്നു. ഏകദേശം മൂന്നരമണിക്കൂറിന് ശേഷമാണ് ചെളിയില്‍ കുടുങ്ങിയ വാഹനങ്ങള്‍ നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.
അതേസമയം, ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ച വഴി എളുപ്പവഴി തന്നെയായിരുന്നു എന്നും കനത്തമഴയും മോശം കാലാവസ്ഥയും കാരണമാണ് യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നതെന്നും ഗൂഗിള്‍ അധികൃതര്‍ അന്താരാഷ്ട്രമാധ്യമങ്ങളോട് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല