സ്വന്തം ലേഖകൻ: കുർദുകളുടെ നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിൽ നിന്ന് യു.എസ് സൈന്യം പിന്മാറ്റം തുടങ്ങി. വടക്കൻ സിറിയയിൽ തുർക്കി സൈനികനീക്കം നടത്താനൊരുങ്ങവെയാണ് ഐ.എസിനെതിരായ പോരാട്ടത്തിൽ 2014 മുതൽ തങ്ങളുടെ സഖ്യകക്ഷികളായിരുന്ന കുർദ് പോരാളികളെ പൂർണമായും കൈവിട്ട് അമേരിക്കൻ സൈന്യം മടങ്ങുന്നത്. തുർക്കിയുടെ സൈനികനീക്കത്തെ പിന്തുണക്കുകയോ എതിർക്കുകയോ ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ, സിറിയയിലെ നീക്കത്തിൽ തുർക്കിക്കൊപ്പമാണെന്ന് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ വിദേശനയത്തിലെ സുപ്രധാനമായ മാറ്റമായാണ് നിലവിലെ സംഭവവികാസത്തെ ലോകം കാണുന്നത്. സിറിയൻ പ്രസിഡണ്ട് ബശ്ശാറുൽ അസദിനെതിരെ പോരാടുന്ന സിറിയൻ പ്രതിരോധസേനക്ക് അമേരിക്ക പൂർണ പിന്തുണയും സഹായവും നൽകിപ്പോരുകയായിരുന്നു. പ്രതിരോധസേനയിലെ സിംഹഭാഗവും കുർദ് വിഭാഗക്കാരാണ്. നിരോധിത സംഘടനയായ കുർദിഷ് പീപ്പിൾസ് പാർട്ടിയുടെ ഭാഗമായാണ് തുർക്കി സിറിയയിലെ കുർദ് പോരാളികളെ കാണുന്നത്. അതിനാൽ തന്നെ, സിറിയൻ സംഘർഷത്തിൽ അമേരിക്കയും തുർക്കിയും വിരുദ്ധചേരികളിലായിരുന്നു.
ഐ.എസിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച കൂട്ടാളികളെ യുദ്ധമുഖത്തുതന്നെ കൈവിട്ടാണ് അമേരിക്ക നയംമാറ്റുന്നത്. വടക്കുകിഴക്കൻ സിറിയയിലെ തുർക്കി അതിർത്തിയോട് ചേർന്ന തെൽ അബ്യള്, റാസ് അൽ ഐൻ എന്നീ സ്ഥലങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ നിന്ന് യു.എസ് സൈന്യം പിന്മാറിയതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ മറ്റ് യു.എസ് സൈനികർ അതത് സ്ഥലങ്ങളിൽ തന്നെയുണ്ടെങ്കിലും അധികം വൈകാതെ പിന്മാറ്റം പൂർണമാകും എന്നാണ് സൂചന.
തങ്ങളുടെ രാജ്യത്തിനു നേരെ ഉയരുന്ന ഭീഷണികൾ ചെറുക്കാനും ഭീകരവാദികളെ ഇല്ലാതാക്കാനുമാണ് സിറിയയിൽ ആക്രമണം പദ്ധതിയിടുന്നതെന്ന് തുർക്കി പറയുന്നു. ഏത് രാത്രിയിലും മുന്നറിയിപ്പില്ലാതെ ആക്രമണമുണ്ടാകാമെന്നും സമാധാനവും സ്വസ്ഥതയും കൊണ്ടുവരികയാണ് ലക്ഷ്യമെന്നും റജബ് ത്വയ്യിബ് ഉർദുഗാൻ പറയുന്നു. അതേസമയം, തുർക്കിയുടെ നടപടി ഐ.എസ് ഉയിർത്തെഴുന്നേൽക്കാൻ കാരണമാകുമെന്ന് സിറിയൻ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി.
മേഖലയിൽ തുർക്കി ആക്രമണം നടത്താതിരിക്കാൻ സഹായിക്കാമെന്ന് യു.എസ് ഉറപ്പുനൽകിയിരുന്നുവെന്നും ഇപ്പോഴത്തെ നീക്കം പിന്നിൽനിന്ന് കുത്തുന്നതിന് തുല്യമാണെന്നും പ്രതിരോധസേനാ വക്താവ് കിനോ ഗബ്രിയേൽ പഞ്ഞു. ഐ.എസിനെതിരായ പോരാട്ടത്തിൽ തങ്ങൾക്ക് 11,000 പോരാളികളെ നഷ്ടമായി എന്നാണ് കുർദുകളുടെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല