സ്വന്തം ലേഖകന്‍: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി. ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സല്‍മാന്‍ ‘ദ സോയ ഫാക്റ്ററി’ല്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്റ്റര്‍’. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. സോയ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്
അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലായിരുന്നു താരം കഠിന പരിശീലനം നടത്തിയത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കിയത്.
ഈ ചിത്രത്തിനു വേണ്ടിയായിരുന്നു മലയാളത്തില്‍ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് ദുല്‍ഖര്‍ മാറിനിന്നത്. ഏതാണ്ട് ഒന്നരവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലെത്തിയത്, ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലായിരുന്നു. ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദുല്‍ഖര്‍ അവതരിപ്പിച്ചത്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ബി സി നൗഫല്‍ ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല