Alex Varghese (മാഞ്ചസ്റ്റര്‍): രൊഴ്ചക്കാലം ഭക്തിസാന്ദ്രമായി ആഘോഷിക്കുന്ന ഭാരത സഭയുടെ വിശ്വാസത്തിന്റെ പിതാവായ മാര്‍.തോമാ ശ്ലീഹായുടെയും, ഭാരത സഭയിലെ പ്രഥമ വിശുദ്ധയും സഹനപുത്രിയുമായ വി. അല്‍ഫാസാമ്മയുടെയും സംയുക്ത തിരുനാളും യു കെയിലെ ഏറ്റവും പ്രസിദ്ധവുമായ മാഞ്ചസ്റ്റര്‍ തിരുനാളിന് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊടിയേറും. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന കൊടിയേറ്റത്തിന് ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കള്‍ ഗാനന്‍ മുഖ്യകാര്‍മികനാകും. ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കല്‍ സഹകാര്‍മികനായിരിക്കും.
തുടര്‍ന്ന് വൈകിട്ട് 5.30ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ പാട്ടും, നൃത്തവും, കോമഡിയുമായി ഒരു അവിസ്മരണീയ രാവിന് അരങ്ങൊരുങ്ങും. ലൈവ് മെഗാസ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്ന സിനിമാ ടിവി താരങ്ങള്‍ ഉള്‍പ്പെട്ട താരനിര ഇന്നലെ എത്തിച്ചര്‍ന്നു. മാഞ്ചസ്റ്ററില്‍ വന്നിറങ്ങിയ താരങ്ങളെ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റി സിബി ജെയിംസിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ന് ടീമംഗങ്ങള്‍ ഒന്ന് ചേര്‍ന്ന് പരിശീലനം നടത്തും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ സംബന്ധിക്കുന്ന പ്രഥാന തിരുനാള്‍ ജൂലൈ 6ന് ശനിയാഴ്ചയായിരിക്കും നടക്കുന്നത്. യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സയുടെയും ഒരാഴ്ചക്കാലം നീളുന്ന സംയുക്ത തിരുന്നാളാഘോഷങ്ങള്‍ മാഞ്ചസ്റ്ററിനെ ഭക്തി സാന്ദ്രമാക്കും. പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ ആറിന് രാവിലെ 10ന് ആരംഭിക്കുന്ന അത്യാഘോഷപൂര്‍വ്വമായ തിരുന്നാള്‍ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് മുഖ്യകാര്‍മികനാകും. നിരവധി വൈദികര്‍ സഹകാര്‍മികരാകും. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഭാഗമായി മാഞ്ചസ്റ്റര്‍ മിഷന്‍ നിലവില്‍ വന്നതിന് ശേഷം നടക്കുന്ന ആദ്യ തിരുനാള്‍ എന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാളിന് സ്വന്തമാകും.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളാഘോഷങ്ങള്‍ നാളെ ജൂണ്‍ 29 ശനിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് വിഥിന്‍ഷോ സെന്റ്.ആന്റണീസ് ദേവാലയത്തില്‍ ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കള്‍ ഗാനന്‍ മുഖ്യകാര്‍മികനായി ദിവ്യബലിയും നൊവേനയും തുടര്‍ന്ന് തിരുനാളിന്റെ കൊടിയേറ്റവും നടക്കും. കൊടിയേറ്റത്തിന് ശേഷം വൈകുന്നേരം 5.30ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗീതവും കോമഡിയും ഉള്‍ക്കൊള്ളുന്ന മെഗാഷോ അരങ്ങേറും. ഒരു കുടുംബത്തിന് 25 പൗണ്ടാണ് ടിക്കറ്റ് നിരക്ക്. 10 പൗണ്ട് നിരക്കില്‍ സിംഗിള്‍ ടിക്കറ്റും ലഭ്യമാണ്. ടിക്കറ്റ് വില്പന പൂര്‍ത്തിയാകാറായെന്നും ഇനിയും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ ഭാരവാഹികളെ ബന്ധപ്പെട്ട് ടിക്കറ്റുകള്‍ ഉറപ്പ് വരുത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു. മലയാളത്തിന്റെ പുതിയ നിരയിലെ ചലച്ചിത്ര പിന്നണി ഗായകരായ നാം ശിവ, സുമി അരവിന്ദ്, ബെന്നി മുക്കാടന്‍, സിനിമാ ടിവി താരങ്ങളായ ഷിനോ പോള്‍, അരാഫത്ത് കടവില്‍, കോമഡി ഉത്സവം ഫെയിം നിസ്സാം കാലിക്കട്ട് തുടങ്ങി ഒട്ടേറെ സിനിമാ ടി വി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും ലൈവ് ഓര്‍ക്കസ്ട്രയുമായി പ്രസ്തുത ഷോയില്‍ അണിനിരക്കും.
നാളെ തിരുനാള്‍ കൊടിയേറിയതിന് ശേഷം പ്രധാന തിരുനാളാഘോഷിക്കുന്ന ജൂലൈ 6 വരെയുള്ള എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ദിവ്യബലിയും നൊവെനയും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 30 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ സീറോ മലബാര്‍ വികാരി ജനറാള്‍ റവ.ഫാ.ജിനോ അരീക്കാട്ട് ദിവ്യബലി അര്‍പ്പിക്കും. ദിവ്യബലിക്ക് ശേഷം പുത്തരി പെരുന്നാള്‍ (ഉല്പന്ന ലേലം) ഉണ്ടായിരിക്കുന്നതാണ്. ജൂലൈ ഒന്നിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ചാന്‍സലര്‍ റവ.ഫാ. മാത്യു പിണക്കാട്ട് ദിവ്യബലിക്ക് മുഖ്യകാര്‍മികനാകും. ജൂലൈ രണ്ടിന് റവ.ഫാ. നിക്കോളാസ് കേന്‍ ലത്തീന്‍ റീത്തില്‍ ഇംഗ്ലീഷ് കുര്‍ബാന അര്‍പ്പിക്കും.
ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികനാകും. ജൂലൈ നാലിന് സീറോ മലങ്കര റീത്തില്‍ റവ.ഫാ രഞ്ജിത്ത് മടത്തിറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും. ജൂലൈ 5 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ.ആന്റണി ചൂണ്ടെലിക്കാട്ട് ദിവ്യബലി അര്‍പ്പിക്കും. എല്ലാ ദിവസവും നൊവേനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 10ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മുഖ്യ കാര്‍മ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍.ജോസഫ് ഡ്രാമ്പിക്കല്‍ പിതാവിനെയും മറ്റ് വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതാടെ അത്യാഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്‌സ് ജോസ്, മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കും. ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍ നടക്കും. മാര്‍.തോമാശ്ലീഹായുടെയും, വി.അല്‍ഫോന്‍സയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊന്‍ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. യുകെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതു മുതല്‍ ഓരോ വര്‍ഷം ചെല്ലുംതോറും കൂടുതല്‍ പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റര്‍ തിരുനാള്‍.
ഇടവക വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ 101 അംഗങ്ങളുള്ള വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന വിവിധ കമ്മിറ്റികളുടെ യോഗങ്ങള്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.
മാഞ്ചസ്റ്റര്‍ തിരുന്നാളില്‍ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ മാഞ്ചസ്റ്റര്‍ മിഷന്‍ കോര്‍ഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കല്‍ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:
സിബി ജെയിംസ് 07886670128
ജോബി തോമസ് 07985234361
ബിജോയി മാത്യു 07710675575
ദേവാലയത്തിന്റെ വിലാസം:
ST. ANTONY’S CHURCH,
DUNKERY ROAD,
PORTWAY,
M22 0WR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല