1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2011

ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഉപവാസ സമരം നടത്തുന്നതിനായി പോലീസ് മുന്നോട്ടു വച്ച വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഇക്കാര്യം സൂചിപ്പിച്ച് ഹസാരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.

നിരാഹാര സമരത്തെ തടയാന്‍ ശ്രമിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്‌തെന്നും ഹസാരെ കത്തില്‍ കുറ്റപ്പെടുത്തി. കടുത്ത വാക്കുകളില്‍ ഹിന്ദിയില്‍ എഴുതിയ കത്തില്‍ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഴിമതി സര്‍ക്കാരാണ് താങ്കളുടേതെന്നും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നു.

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി സമാധാനപരമായ സമരം നടത്താന്‍ ഓരോ പൗരനും അവകാശമുണ്ടെന്നിരിക്കെ തങ്ങളുടെ സമരത്തെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്തിനാണെന്ന് രണ്ടു പേജുള്ള കത്തില്‍ ഹസാരെ ചോദിക്കുന്നു.

രണ്ടര ദിവസത്തിനുള്ളില്‍ സമരം അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് സമ്മതപത്രം നല്‍കണമെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇത് ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് ലോക്പാല്‍ ബില്‍ രൂപീകരണ സമതിയംഗമായ പ്രശാന്ത് ഭൂഷന്‍ അഭിപ്രായപ്പെട്ടു. സമ്മതപത്രം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിലെ ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ സമരം നടത്തുന്നതിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ വേണ്ടി വന്നാല്‍ ജന്തര്‍മന്തറില്‍ തന്നെ സമരം നടത്തുന്ന കാര്യം പരിഗണിയ്ക്കുമെന്നും പൊതുസമൂഹ പ്രതിനിധികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.