സ്വന്തം ലേഖകന്‍: പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ പ്രദര്‍ശത്തിനെത്തി. ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
സിനിമ എത്താന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ നഗരങ്ങളിലും വിദേശ സെന്ററുകളിലുമെല്ലാം ആദ്യ ദിന ബുക്കിങ്, റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാന്‍ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.
യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍.ഡി. ഇല്യുമിനേഷന്‍ ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നു.
അതിനിടെ സാഹോയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ആരാധകന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. 18 വയസില്‍ താഴെയുള്ള ആരാധകനാണ് മരണത്തിന് കീഴടങ്ങിയത്. പേര് പുറത്തുവിട്ടിട്ടില്ല. പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം വീടിന് സമീപത്തുള്ള തീയറ്ററില്‍ ബാനര്‍ വലിച്ചുകെട്ടാന്‍ പോയതാണ് കുട്ടി. ബാനര്‍ കെട്ടുന്നതിന്റെ ഇടയ്ക്ക് വൈദ്യുതി കമ്പിയില്‍ കൈതട്ടി വൈദ്യുതി ആഘാതമേറ്റാണ് കുട്ടി മരിച്ചത്. വൈദ്യുതി ആഘാതമേറ്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് തെറിച്ച് വീഴുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല