1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2019

സ്വന്തം ലേഖകന്‍: കൃഷിഭൂമിക്കായി ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രസീല്‍.അറുപത് ദിവസത്തേക്കാണ് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോ വിലക്കേര്‍പ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരാന്‍ തുടങ്ങിയിട്ട് മൂന്ന് ആഴ്ചകള്‍ പിന്നിട്ടു. ഈ കാഴ്ച ലോകം ഏറെ നിസ്സഹായതയോടെയാണ് നോക്കി നില്‍ക്കുന്നത്. കൃഷിക്കായി കാടുകളില്‍ വ്യാപകമായി തീയിടുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്! ബോള്‍സനാരോയുടെ നടപടികളാണ് ഇത്രയും വലിയ വിപത്തിലേക്ക് നയിച്ചതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

കാടുകളില്‍ മരങ്ങള്‍ വെട്ടിമാറ്റിയ പ്രവര്‍ത്തനങ്ങള്‍ നടന്നത് പ്രസിഡന്റിന്റെ അറിവോടെയാണ്. വനനശീകരണത്തിനും മേഖലയിലെ മറ്റ് കയ്യേറ്റങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ക്കും ഇളവ് വരുത്തിയതും ആമസോണ്‍ മഴക്കാടുകളുടെ നശീകരണത്തിന് കാരണമായി. ജി7നില്‍ നിന്നുള്‍പ്പെടെ ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് രണ്ട് മാസത്തേക്ക് ആമസോണ്‍ കാടുകളില്‍ തീയിടുന്നതിന് പ്രസിഡന്റ് വിലക്കേര്‍പ്പെടുത്തിയത്.

ആമസോണ്‍ കാടുകളിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ സെപ്തംബര്‍ ആറിന് കൊളംബിയയില്‍ യോഗം ചേരും. ബ്രസീലിയന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആമസോണ്‍ കാടുകളിലെ തീയണക്കാന്‍ ആഗോളതലത്തില്‍ തന്നെ ഇടപെടല്‍ വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ ഏറെ മോശമാണ്, ഇതുവരെ ഒന്നും നാം ചെയ്തിട്ടില്ല. ആമസോണിനായി എല്ലാവരും ചേര്‍ന്ന് നില്‍ക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.