സ്വന്തം ലേഖകൻ: പുതിയ നിര്‍മാണ കമ്പനിയുടെ ലോഗോ പുറത്തിറക്കി നടന് ദുല്‍ഖര്‍ സല്മാന്. ‘വേഫെറര്‍ ഫിലിംസ്’ എന്ന നിര്‍മാണ കമ്പനിയുടെ ലോഗോയാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണു വേഫെററിന്റെ ലോഗോയിലെ പ്രധാന ആകര്‍ഷണം. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകൾ വന്നതോടെ അഭ്യൂഹങ്ങളും പരന്നു.
ലോഗോയില്‍ ഏറെ പ്രാധാനപ്പെട്ട ഒരാള്‍ക്ക് കടപ്പാടുണ്ട് എന്ന് ദുല്‍ഖര്‍ ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തിരുന്നു. ഇതോടെ ലോഗോയിലുള്ളതു മമ്മൂട്ടിയും ദുല്‍ഖറും ആണെന്ന് ആരാധകരും ഉറപ്പിച്ചു. അപ്പോഴാണു ലോഗോയിലുള്ള കുട്ടി ആരെന്നു വ്യക്തമാക്കി ദുല്‍ഖര്‍ രംഗത്തെത്തിയത്.
യഥാര്‍ഥത്തില്‍ ലോഗോയിലുള്ളതു ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഗോട്ട് മേരി ഇന്‍ ദി ലോഗോ’ എന്നൊരു ഹാഷ് ടാഗ് ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ സംശയം അവസാനിച്ചു.
“മാസങ്ങള്‍ നീണ്ട തലപുകഞ്ഞ ആലോചനകള്‍ക്കൊടുവില്‍ ലോഗോ കണ്ടെത്തിയിരിക്കുന്നു. ലോഗോ ഡിസൈന്‍ ചെയ്തതിനുള്ള എല്ലാ ക്രെഡിറ്റും ജംഷാദിനാണ്. ഏറെ സ്പെഷ്യലായ ഒരു വ്യക്തിക്കുള്ള കടപ്പാട് ലേഗോയില് ഉണ്ട്… പേരിലേക്ക് വരികയാണെങ്കില്‍. വേഫെയറര്‍ എന്നു വച്ചാല്‍ സഞ്ചാരിയെന്നാണ് അര്‍ഥം. അജ്ഞാത ഭൂപ്രദേശം കാല്‍നടയായി സഞ്ചരിക്കുന്ന ഒരാള്‍… ഞങ്ങള്‍ നിര്‍മിക്കുന്ന സിനിമയിലും ഞങ്ങള്‍ ഭാഗമാകുന്ന സിനിമയിലും അതുതന്നെ ചെയ്യാനാകുമെന്ന് പ്രത്യാശിക്കുന്നു. എന്റെ ഒരു സംരംഭത്തെക്കുറിച്ചോര്ത്തും ഞാന്‍ ഇത്രയധികം ആവേശഭരിതനായിട്ടില്ല.
ഞാന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ മാത്രമല്ല, എനിക്ക് പിന്തുണയ്ക്കാന്‍ കഴിയുന്ന ഉള്ളടക്കവും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കഥകളും ഉപയോഗിച്ച് നിങ്ങളെ എല്ലാവരെയും രസിപ്പിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതാ പുതിയ തുടക്കത്തിലേയ്ക്ക്,” ലോഗോ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല