സ്വന്തം ലേഖകൻ: പാകിസ്താന് വേണ്ടി തുര്‍ക്കി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി തുര്‍ക്കിഷ് പ്രസിഡന്റ് തയിപ് എര്ദോഗന്. ഞായറാഴ്ച തുര്‍ക്കി നാവികസേനയുടെ പുതിയ കപ്പലായ ടി.സി.ജി.കിനലിയാഡ കമ്മീഷന് ചെയ്യുന്ന ചടങ്ങിലായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റിന്റെ പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018 ജൂലായില്‍ പാകിസ്താന് നാവികസേന മില്‍ജെം വിഭാഗത്തില്‍പ്പെട്ട നാല് യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ തുര്‍ക്കിയുമായി കരാറില്‍ ഒപ്പിട്ടിരുന്നു. റഡാറുകളുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാനാവുന്ന യുദ്ധക്കപ്പലുകളാണ് പാകിസ്താന് തുര്‍ക്കിയില്‍നിന്ന് വാങ്ങുന്നത്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഞായറാഴ്ച തുടക്കംകുറിച്ചു. തുര്‍ക്കിഷ് പ്രസിഡന്റും പാക് നാവികസേന കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹ്മൂദ് അബ്ബാസിയും ചേര്‍ന്ന് കപ്പല്‍ നിര്‍മാണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തദ്ദേശീയമായി യുദ്ധക്കപ്പലുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കിയെന്നും പുതുതായി നിര്‍മിക്കുന്ന യുദ്ധക്കപ്പലിന്റെ ഗുണം പാകിസ്താന് ലഭിക്കുമെന്നും എര്ദോഗന് പറഞ്ഞു. പാകിസ്താനു വേണ്ടിയുള്ള നാല് യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം തുര്‍ക്കിയിലും രണ്ടെണ്ണം പാകിസ്താനിലുമായാണ് നിര്‍മിക്കുന്നത്. 99 മീറ്റര്‍ നീളമുള്ളതാണ് മില്‍ജെം കപ്പലുകള്‍. മണിക്കൂറില്‍ 29 നോട്ടിക്കല്‍ മൈലാണ് വേഗത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല