സ്വന്തം ലേഖകൻ: അധികാര ദുർവിനിയോഗത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റിനു കച്ച മുറുക്കുന്നതിനിടെ, മറ്റൊരന്വേഷണവുമായി തിരിച്ചടിക്കാൻ ട്രംപും തയാറെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്.
ഇതിനിടെ, ഇംപീച്ച്മെന്റ് നടപടിക്കു ജനപിന്തുണയേറിവരുകയാണെന്ന് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. മറ്റൊരു കാലത്തുമില്ലാത്തവിധം രാജ്യം പ്രതിസന്ധിയിലാണെന്ന് ട്രംപും പറഞ്ഞു. ഹിലറി സ്റ്റേറ്റ് സെക്രട്ടറിയായിരുന്നപ്പോൾ ഔദ്യോഗിക കത്തിടപാടുകൾ സ്വകാര്യ ഇമെയിലിലൂടെ നടത്തിയെന്നതു സംബന്ധിച്ചു എഫ്ബിഐ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ടിൽ കുറ്റം ചുമത്തിയില്ല. ഹിലറി അശ്രദ്ധ കാട്ടിയെന്നു മാത്രമായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഇതു സംബന്ധിച്ച അന്വേഷണം വീണ്ടും നടത്തുന്നതിനായി 130 ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ചകളിൽ ബന്ധപ്പെട്ടിരുന്നു. ഒന്നര വർഷം മുൻപ് ഇത്തരത്തിലൊരു ശ്രമം നടന്നിരുന്നെങ്കിലും മുന്നോട്ടു പോയില്ല. ഓഗസ്റ്റിൽ വീണ്ടും അതേനീക്കം ആരംഭിച്ചു. ഹിലറിയുടെ അന്നത്തെ കത്തുകൾ മുൻകാലപ്രാബല്യത്തോടെ രഹസ്യരേഖകളായി പിന്നീട് പ്രഖ്യാപിക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല