സ്വന്തം ലേഖകന്‍: പാക്കിസ്ഥാനുമായി ഭാവിയില്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവൂ. അങ്ങനെ ചര്‍ച്ച നടന്നാല്‍ തന്നെ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് ഹരിയാനയിലെ പഞ്ച്കുളയില്‍ നടന്ന ജന്‍ ആശിര്‍വാദ് റാലിയില്‍ സംസാരിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു.
ജമ്മു കശ്മീരിന്റെ വികസനത്തിനുവേണ്ടിയാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ക്കിള്‍ 370 റദ്ദാക്കിയതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ അയല്‍രാജ്യം രാജ്യാന്തര സമൂഹത്തിന്റെ വാതിലുകളില്‍ മുട്ടി ഇന്ത്യ ചെയ്തത് തെറ്റാണെന്ന് പറയുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നിരവധി വിദേശ രാജ്യങ്ങളെയും യുഎന്നിനെയും സമീപിച്ചതിനെക്കുറിച്ചായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം.
ബാലാകോട്ട് ആക്രമണത്തെക്കാള്‍ വലിയതെന്തോ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് ഏതാനും ദിവസം മുന്‍പ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് അര്‍ഥം ബാലാകോട്ടിലെ ഇന്ത്യന്‍ ആക്രമണം പാക്കിസ്ഥാന്‍ അംഗീകരിക്കുന്നുവെന്നാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.
നേരത്തെ ഇന്ത്യയുടെ ആണവായുധ നയം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. നിലവില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ഇതില്‍ മാറ്റം വന്നേക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ നയത്തിന് മാറ്റം വന്നേക്കാമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല