1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ബോളിവുഡ് താരങ്ങള്‍ക്കായി തന്റെ വീട്ടില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി ഒരു രാഷ്ട്രീയ നേതാവാണ് ആരോപിച്ചത്. കരണ്‍ ജോഹര്‍ പങ്കുവച്ച വീഡിയോ ട്വീറ്റ് ചെയ്താണ് ശിരോമണി അകാലിദള്‍ എംഎല്‍എ മജീന്ദര്‍ സിങ്ങ് ആരോപണം ഉന്നയിച്ചത്. ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍ എന്നിവര്‍ അടക്കമുളള താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗം നടന്നതിന്റെ തെളിവാണ് വീഡിയോയെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.

എംഎല്‍എയുടെ ആരോപണത്തിന് താരങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ വിവാദത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കരണ്‍ ജോഹര്‍. അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ജോഹര്‍ പറഞ്ഞത്.

‘കഠിനമായ ഒരാഴ്ചത്തെ ജോലിക്കുശേഷം പരസ്പരം സമയം ചെലവിടാനും ആഘോഷിക്കാനുമാണ് എല്ലാവരും ഒത്തുകൂടിയത്. വീഡിയോ വെറുതെ ഷൂട്ട് ചെയ്തതാണ്. വീഡിയോയില്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത് പുറത്തുവിടാന്‍ ഞാന്‍ മണ്ടനൊന്നുമല്ല,’ കരണ്‍ ജോഹര്‍ അഭിമുഖത്തില്‍ പറഞ്ഞു

വിക്കി കൗശലിന്റെ മുഖഭാവവും പെരുമാറ്റവും ലഹരി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുളള മറുപടിയും കരണ്‍ ജോഹര്‍ പറഞ്ഞു. ‘വിക്കിക്ക് ഡെങ്കിപ്പനി ആയിരുന്നു. പതുക്കെ മാറി വരികയായിരുന്നു. നാരങ്ങ പിഴിഞ്ഞൊഴിച്ച ചൂടുവെളളമാണ് അവന്‍ കുടിച്ചത്. പ്രകാശത്തിന്റെ നിഴലാണ് അവന് അടുത്തായിരുന്നതെന്തോ പൗഡറുപോലെ തോന്നിച്ചത്.’

സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നൊരു ചെറിയ പാര്‍ട്ടി മാത്രമായിരുന്നു അതെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി. ‘വീഡിയോ ഷൂട്ട് ചെയ്യുന്നതിനു 5 മിനിറ്റ് മുന്‍പുവരെ എന്റെ അമ്മ ഞങ്ങള്‍ക്കൊപ്പം അവിടെ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുചേര്‍ന്ന് സമയം പങ്കിടുകയും, സംഗീതം കേള്‍ക്കുകയും, നല്ല ഭക്ഷണം കഴിക്കുകയും ചെയ്ത് സന്തോഷത്തോടെയുളള ഒത്തുചേരല്‍ ആഗ്രഹിക്കുന്നൊരു കുടുംബമാണ് ഞങ്ങളുതേട്. അവിടെ മറ്റൊന്നും നടക്കാറില്ല,’ കരണ്‍ ജോഹര്‍ പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് എന്തിനു മറുപടി പറയണമെന്നു കരുതിയാണ് താന്‍ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഭാവിയില്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുണ്ടായാല്‍ നിയമപരമായി അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.