സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷകള്‍ ക്ഷണിക്കുന്നു.
മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുന്‍ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും, അഭിനയ തികവിന്റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും, സംഗീത കുലപതികളായ ദക്ഷിണാമൂര്‍ത്തി സ്വാമികളും, എം.എസ്.വിശ്വനാഥനും, ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് മഹാകവി ഒ.എന്‍.വി.കുറുപ്പും, ജനകീയ നടന്‍ കലാഭവന്‍ മണിയും, വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറും അത്തരത്തില്‍ ആദരിക്കപ്പെട്ടവരായിരുന്നു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യു കെ മലയാളിക്കും നഗര്‍ ലോഗോ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്പനചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ.
സെപ്റ്റംബര്‍ 23 തിങ്കളാഴ്ചക്ക് മുന്‍പായി secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.
നഗര്‍ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് യുക്മ ദേശീയ കലാമേള നഗറില്‍വച്ച് പുരസ്‌ക്കാരം നല്‍കുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറില്‍ വച്ച് പുരസ്‌ക്കാരം നല്‍കുന്നതാണ്.
നാദവീചികളും മഞ്ജീരധ്വനികളും കൊണ്ട് മുഖരിതമായ യുക്മ കലാമേളകള്‍ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതില്‍ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാര്‍ത്ഥികളായി വന്നെത്തുന്ന യുക്മ കലാമേളയില്‍, കലയെ സ്‌നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങള്‍ കാണികളായും ഒത്തുചേരുമ്പോള്‍ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടികഴിഞ്ഞ യുക്മ ദേശീയ കലാമേള 2019 നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററില്‍ അരങ്ങേറുമ്പോള്‍ അതിന്റെ ഭാഗമാകുവാന്‍ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല