സ്വന്തം ലേഖകൻ: സ്പൈഡര്‍മാന്റെ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. മാര്‍വല്‍ ചിത്രങ്ങളില്‍ വലനെയ്ത് തിരിച്ചെത്തുകയാണ് സൂപ്പര്‍ഹീറോ. സോണി പിക്ചേഴ്സും മാര്‍വലും തമ്മിലുണ്ടായിരുന്ന പിണക്കം മാറിയതിനെ തുടര്‍ന്നാണിത്. മാര്‍വലിന്റെ ഇനിയുള്ള അവഞ്ചേഴ്സ് പരമ്പരയിലെ ചിത്രങ്ങളിലെല്ലാം സ്പൈഡര്‍മാന്റെ സാന്നിധ്യമുണ്ടാവും.
പുതിയ ധാരണ അനുസരിച്ച് മാര്‍വലിന്റെ സ്പൈഡര്മാന്: ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം ഇരുവരും ചേര്‍ന്നാവും നിര്‍മിക്കുക. മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന് ഫെയ്ജും സോണി പിക്ചേഴ്സ് മേധാവി ആമി പാസ്ക്കലും ചേര്‍ന്നാവും പുതിയ ചിത്രം നിര്‍മിക്കുകയെന്ന് ഇരു കമ്പനികളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുവരും ചേര്‍ന്നാണ് പരമ്പരയിലെ ഏറ്റവും അവസാന ചിത്രമായ സ്പൈഡര്മാന്: ഫാര്‍ ഫ്രം ഹോം നിര്‍മിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ലാഭവിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മാര്‍വലും സോണി പിക്ചേഴ്സും വഴിപിരിഞ്ഞത്. സോണിക്കായിരുന്നു സ്പൈഡര്‍മാനെ ചലച്ചിത്രങ്ങളില്‍ ഉപയോഗിക്കാനുള്ള അവകാശം. ഇതോടെ അവഞ്ചേഴ്സ് അടക്കമുളള മാര്‍വല്‍ ചിത്രങ്ങളില്‍ നിന്ന് സ്പൈഡര്മാന് പുറത്താകുകയായിരുന്നു. അവഞ്ചേഴ്സിന്റെ ആരാധകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു ഇത്.
2021 ജൂലൈ പതിനാറിന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ച പുതിയ ചിത്രത്തില്‍ ടോം ഹോളണ്ട് തന്നെയാവും സ്പൈഡര്‍മാന്റെ വേഷം ചെയ്യുക.
മാര്‍വല്‍ കോമിക്സിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന സ്പൈഡര്‍മാന്റെ ഉടമസ്ഥാവകാശം 1999ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്പൈഡര്മാന് ചിത്രങ്ങളാണ് സോണി സ്വന്തം നിലയില്‍ ഒരുക്കിയത്. മൂന്നെണ്ണത്തില്‍ ടോബി മഗ്വയറും രണ്ടെണ്ണില്‍ ആന്‍ഡ്ര്യു ഗാര്‍ഫീല്‍ഡുമായിരുന്നു നായകര്‍. 2015ലാണ് ഡിസ്നിയും മാര്‍വലുമായി സോണി കൈകോര്‍ക്കുന്നത്. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് അഞ്ച് മാര്‍വല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി.
ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, സ്പൈഡര്മാന് ഹോം കമിങ്, അവഞ്ചേഴ്സ്: ഇന്ഫിനിഷ് വാര്, അവഞ്ചേഴ്സ്: എന്ഡ്ഗെയിം, സ്പൈഡര്മാന്: ഫാര്‍ ഫ്രം ഹോം. ഇതില്ലെല്ലാം സ്പൈഡര്‍മാന്റെയും പീറ്റര്‍ പാര്‍ക്കറുടെയും വേഷം ചെയ്തത് ടോം ഹോളണ്ടാണ്. ജൂണ്‍ 26നാണ് അവസാന ചിത്രമായ സ്പൈഡര്മാന്: ഫാര്‍ ഫ്രം ഹോം റിലീസ് ചെയ്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല