സ്വന്തം ലേഖകന്‍: ഗ്രീന്‍ലാന്‍ഡിനെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭാഗമാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭൂരിഭാഗവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോട് കൂട്ടിച്ചേര്‍ക്കാനുള്ള സാധ്യതകളെ കുറിച്ച് ട്രംപ് വിദഗ്ധരോട് അഭിപ്രായം ചോദിച്ചതായാണ് വിവരം. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡ് ഒരു സ്വതന്ത്രരാഷ്ട്രമായാണ് നിലകൊള്ളുന്നത്.
എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ യുഎസിനൊപ്പം കൂട്ടിച്ചേര്‍ക്കുമെന്നുള്ള വാര്‍ത്തയെ കുറിച്ച് വൈറ്റ്ഹൗസോ ഡാനിഷ് എംബസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗ്രീന്‍ലാന്‍ഡിനെ കൂട്ടിച്ചേര്‍ക്കുന്നത് യുഎസിന് നേട്ടമാണെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളില്‍ ചിലരുടെ അഭിപ്രായം. എന്നാല്‍ ഇത് ട്രംപിന്റെ വ്യാമോഹം മാത്രമാണെന്ന് മറ്റു ചിലര്‍ പറയുന്നു.
കാനഡയ്ക്ക് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡിന്റെ പ്രകൃതി വിഭവങ്ങളെ കുറിച്ചും ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും ട്രംപ് വിശദമായി അന്വേഷിച്ചതായി വോള്‍ സ്ട്രീറ്റ് ജേണല്‍(Wall tSreet Journal) വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വലിയ ദ്വീപാണെങ്കിലും ഇവിടത്തെ ആകെ ജനസംഖ്യ 57,000 ആണ്.
യുഎസിന്റെ സൈനികത്താവളമായ തുലേ എയര്‍ ബേസ് പതിറ്റാണ്ടുകളായി ഗ്രീന്‍ലാന്‍ഡില്‍ സ്ഥിതിചെയ്യുന്നു. ഉത്തരകൊറിയയിലെ ഗ്രേറ്റ് ബീച്ചസില്‍ അമേരിക്കന്‍ ഉടമസ്ഥതയില്‍ അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാമെന്ന് മുമ്പൊരിക്കല്‍ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. പ്രസിഡന്റ് പദവിയിലെത്തുന്നതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ട്രംപിന് അത് വിട്ടൊരു കളിയില്ലെന്നാണ് ശത്രുപക്ഷത്തിന്റെ പരിഹാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല