1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2019

സ്വന്തം ലേഖകന്‍: കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന് യു.എന്‍ ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. 1965നു ശേഷം ഇതാദ്യമായാണ് കശ്മീര്‍ വിഷയം കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത്.

കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും അന്താരാഷ്ട്ര സമൂഹം അത് ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്നുമുള്ള, ഇന്ത്യ ഇത്രയും കാലം പുലര്‍ത്തിപ്പോന്ന നിലപാടിന് തിരിച്ചടിയാണ് യു.എന്‍ യോഗം. പാകിസ്താന്റെ കത്ത് പരിഗണിച്ചാണ് കശ്മീര്‍ വിഷയം സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ചക്കെടുക്കുന്നത്. ഈ വിഷയം അടഞ്ഞ മുറിയില്‍ ചര്‍ച്ച ചെയ്യണമെന്നത് പാകിസ്താനുമായി അടുപ്പം പുലര്‍ത്തുന്ന കൗണ്‍സില്‍ സ്ഥിരാംഗമായ ചൈനയുടെ ആവശ്യമാണ്.

370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ കത്തയച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷി വ്യക്തമാക്കിയിരുന്നു. സ്ഥിരം പ്രതിനിധി മലേഹ ലോധി വഴിയാണ് കൗണ്‍സില്‍ പ്രസിഡണ്ട് ജൊവാന വ്രോനെക്കക്ക് ഖുറൈഷി കത്തയച്ചത്. കത്ത് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഔദ്യോഗികമായി ചര്‍ച്ച ചെയ്യപ്പെടുന്നത് പാകിസ്താന്റെ നയതന്ത്ര വിജയമാണെന്നാണ് പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.

കശ്മീരില്‍ കേന്ദ്ര സര്‍ക്കാറിന്റെ അപ്രതീക്ഷിത നടപടിക്കു പിന്നാലെ ഖുറൈഷി കഴിഞ്ഞ വെള്ളിയാഴ്ച ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലേക്ക് യാത്രചെയ്തിരുന്നു. കശ്മീര്‍ വിഷയം ഉന്നയിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുന്ന കാര്യത്തില്‍ പിന്തുണ നല്‍കാമെന്ന് ചൈന ഉറപ്പുനല്‍കിയതായി തിരിച്ചെത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.