സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീരിന്റെ ‘സ്വാതന്ത്ര്യ’ത്തിനായി പോരാടാന്‍ ജനങ്ങള്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ അദ്ദേഹം ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ചു.
‘മുസ്ലിങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നു. കശ്മീരിലെ നിലവിലുള്ള സ്ഥിതഗതികള്‍ അവിടുത്തെ മുസ്ലിം സമൂഹത്തെ ഭയപ്പെടുത്തിക്കൊണ്ടുള്ളതാണ്. ജനങ്ങളെ പൂട്ടിയിട്ടു കൊണ്ട് കൊടിയ പീഡനങ്ങള്‍ നടത്തിയുള്ള ഈ മനുഷ്യാവകാശ പ്രതിസന്ധിയില്‍ നാമെല്ലാവരും ആശങ്കകുലരാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തന്ത്രപരമായ വീഴ്ച്ചയാണ് വരുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അവസാന കാര്‍ഡ് ഇറക്കിയാണ് കളിക്കുന്നത് പക്ഷേ, ഇന്ത്യ അതിന് വലിയ വില നല്‍കേണ്ടി വരും. അന്താരാഷ്ട്ര തലത്തില്‍ കശ്മീരിനെ എവിടെയാണോ വിവരിച്ചിട്ടുള്ളത് അവിടെ തന്നെ നിലനിര്‍ത്തുന്നത് പാകിസ്താന് ഉറപ്പുവരുത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. കശ്മീര്‍ വിഷയം എല്ലാ അന്തരാഷ്ട്ര വേദികളിലും ചര്‍ച്ച ചെയ്യിപ്പിക്കും,’ ഇമ്രാന് ഖാന് പറഞ്ഞു.
‘സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ഞങ്ങളുടെ ജനങ്ങളും സൈന്യവും തയ്യാറാണ്. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. നിലവിലെ സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഒരുതരത്തിലുള്ള കടന്ന്കയറ്റവും അംഗീകരിച്ച് നല്‍കേണ്ട എന്നതാണ് ഞങ്ങളുടെ തീരുമാനം,’ ഏത് തരത്തിലുള്ള പ്രതിരോധത്തിനും പാകിസ്താന് സര്വ്വസജ്ജരാണെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
അതിനിടെ കശ്മീരിലെ ഉറി, രജൌരി സെക്ടറുകളില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ പ്രകോപനത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. അതേസമയം അഞ്ച് ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടുവെന്ന പാക് സൈന്യത്തിന്റെ വാദം ഇന്ത്യന്‍ സൈന്യം തള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല