സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ആ പദവി ഉപയോഗിച്ച് ഇരുരാജ്യങ്ങളും മുതലെടുപ്പ് നടത്തുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന ചടങ്ങിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘രണ്ട് ഭീമന് സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും ഇനിയും വികസ്വര രാജ്യങ്ങളാണെന്ന് പറയുക വയ്യ. അതിനാല്‍ തന്നെ ലോകവ്യാപാര സംഘടനയില്‍(ഡബ്ല്യുടിഒ) നിന്ന് ആനുകൂല്യങ്ങളും അവര്‍ സ്വീകരിക്കാന്‍ പാടുള്ളതല്ല. ഇന്ത്യയും ചൈനയും അനേകം വര്‍ഷങ്ങളായി ഞങ്ങളില്‍ നിന്ന് കാര്യലാഭം നേടിക്കൊണ്ടിരിക്കുകയാണ്,’ ട്രംപ് കുറ്റപ്പെടുത്തി.
ലോകവ്യാപാര സംഘടന ഇന്ത്യയെയും ചൈനയെയും ഇപ്പോഴും വികസ്വര രാജ്യങ്ങളായാണ് കാണുന്നത്. പക്ഷെ അവരെല്ലാം വികസിച്ചു കഴിഞ്ഞു. ഇനിയും ഡബ്ല്യുടിഒയെ ഇവര്‍ ദരുപയോഗം ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നല്കി. ഡബ്ല്യുടിഒ യുഎസ്സിനെ നീതിപൂര്‍വ്വമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുഎസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് കടുത്ത ഇറക്കുമതി ചുങ്കം ചുമത്തുന്നതിന് ഇന്ത്യയെ പലപ്പോഴും ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. ചുങ്ക രാജാവ് എന്നാണ് ഇന്ത്യയെ ഇതിന് ട്രംപ് ആക്ഷേപിച്ച് പറഞ്ഞതും. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കടുത്ത ഇറക്കുമതി തീരുവ ചുമത്തിയതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. വികസ്വര രാജ്യങ്ങളെ എങ്ങനെയാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍വ്വചിക്കുന്നതെന്ന് ജൂലൈയില്‍ ട്രംപ് ചോദിച്ചിരുന്നു. ചൈനയ്ക്കും തുര്‍ക്കിക്കും ഇന്ത്യക്കും നല്കുന്ന പ്രത്യേക ഇളവുകള്‍ ഉന്നംവെച്ചായിരുന്നു ഈ പരാമര്‍ശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല