സ്വന്തം ലേഖകൻ: ഭീകരതയ്ക്കെതിരേ ആഗോളസമൂഹം ഒന്നിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെന്നത് ഏതെങ്കിലും ഒരു രാജ്യത്തെ മാത്രംബാധിക്കുന്ന പ്രശ്നമല്ലെന്നും ലോകം മുഴുവനും നേരിടുന്ന വെല്ലുവിളിയാണെന്നും യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. ഹിന്ദിയിലായിരുന്നു മോദിയുടെ പ്രഭാഷണം. രണ്ടാം തവണയാണ് യുഎൻ ജനറൽ അസംബ്ലിയെ മോദി അഭിസംബോധന ചെയ്തത്.
ഇന്ത്യ ലോകത്തിനു നല്കിയതു യുദ്ധമല്ല, മറിച്ച് ബുദ്ധനെയാണ്. അതുകൊണ്ടാണ് ഭീകരതയ്ക്കെതിരേ പ്രതിബദ്ധതയും രോഷവും ഞങ്ങൾക്കുള്ളത്. 125 വർഷം മുന്‍പ് ഷിക്കാഗോയിൽ ലോകമതസമ്മേളനത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണു ലോകത്തിനു സ്വാമി വിവേകാനന്ദൻ നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന് ഇപ്പോൾ നല്‍കാനുള്ളത് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് -മോദി പറഞ്ഞു.
യുഎൻ സമാധാനപാലന ദൗത്യത്തിൽ ഇന്ത്യ ത്യാഗം ചെയ്തു പോലെ മറ്റൊരു രാജ്യവും ചെയ്തിട്ടില്ല. 160 ഇന്ത്യക്കാരാണു യുഎൻ സമാധാനപാലന ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത്. ലോകം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുകയാണ്. ഗാന്ധിജിയുടെ സത്യവും അഹിംസയുമെന്ന സന്ദേശം എക്കാലവും പ്രസക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല