ബെര്‍മിങ്ഹാം: ടീം ഇന്ത്യയുടെ പതനം സമ്പൂര്‍ണമായി. ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ പദവിയും ടെസ്റ്റ് പരമ്പരയും അടിയറവെച്ച് ഇന്ത്യ മൂന്നാം ടെസ്റ്റിലും നാണംകെട്ട തോല്‍വി ഏറ്റു വാങ്ങി. ഇന്ത്യന്‍ തോല്‍വി 2 ഇന്നിങ്‌സിനും 242 റണ്‍സിനുമായിരുന്നു. അടുത്ത ടെസ്റ്റില്‍ തോറ്റാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇംഗ്ലണ്ട് ഓപ്പണര്‍ അലസ്റ്റര്‍ കുക്ക് (294) ആണ് കളിയിലെ താരം. കൂറ്റന്‍ ലക്ഷ്യത്തിനു മുന്നില്‍ ഗെയിംപ്ലാനില്ലാതെ കളിക്കാനിറങ്ങിയ ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്‌സനും കൂട്ടുകാരും ചേര്‍ന്ന് അവസരം മുതലെടുത്ത് മനോഹരമായിതന്നെ തളച്ചിട്ടു. 2009 ഡിസംബറില്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ആസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യ കരസ്ഥമാക്കിയ ലോക ടെസ്റ്റിലെ സൂപ്പര്‍ പദവിയാണ് ഇന്നലെ ഇംഗ്ലണ്ടിന് അടിയറവ് വെച്ചത്. ധോണിക്കു കീഴില്‍ ഇന്ത്യ നേരിടുന്ന ആദ്യത്തെ പരമ്പര തോല്‍വിയാണിത്.
ഇന്ത്യന്‍ നിരയില്‍ പേരിനെങ്കിലും സ്‌കോര്‍ ചെയ്തത് ക്യാപ്റ്റന്‍ എം.എസ്. ധോണിയും (74 നോട്ടൗട്ട്), സച്ചിന്‍ ടെണ്ടുല്‍കറും (40) മാത്രമാണ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 486 റണ്‍സെന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് വെള്ളിയാഴ്ചതന്നെ ഓപണര്‍ വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇന്നലെ ഒന്നിന് 35 എന്ന നിലയില്‍ കളി ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്നത്് ഗൗതം ഗംഭീറും രാഹുല്‍ ദ്രാവിഡും. എന്നാല്‍, പന്ത് നന്നായി സ്വിങ് ചെയ്ത പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ആന്‍ഡേഴ്‌സനും സംഘവും ആക്രമണം തുടങ്ങി. 14 റണ്‍സെടുത്ത ഗംഭീര്‍ ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായി. മൂന്നാം വിക്കറ്റില്‍ സച്ചിനും ദ്രാവിഡുമായി കൂട്ടുകെട്ട്. പതിവ് ശൈലിയില്‍ കളിച്ച ദ്രാവിഡ് ഒരിക്കല്‍കൂടി മതില്‍ ഒരുക്കുമെന്ന് പ്രതീക്ഷിച്ചത് വെറുതെയായി. 18 റണ്‍സെടുത്ത ദ്രാവിഡിനെയും ആന്‍ഡേഴ്‌സന്‍ തന്നെ പുറത്താക്കി. തൊട്ടു പിന്നാലെ വി.വി.എസ്. ലക്ഷ്മണും (2) സുരേഷ് റെയ്‌നയും (10) സച്ചിനും (40) പുറത്തായതോടെ ഇന്ത്യ ആറിന് 89 റണ്‍സെന്ന വന്‍ തകര്‍ച്ചയിലെത്തി.
ഏഴാം വിക്കറ്റില്‍ ധോണി മിശ്രയെ കൂട്ടുപിടിച്ച് കളിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ പതുക്കെ ഉയര്‍ന്നത്. മിശ്ര പുറത്തായെങ്കിലും പിന്നാലെ ക്രീസിലെത്തിയ പ്രവീണ്‍കുമാര്‍ (40) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. എന്നാല്‍, ഈ ചെറുത്തു നില്‍പിനൊന്നും അനിവാര്യമായ ദുരന്തത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല.
ടെസ്റ്റ് പരാജയം വിലയിരുത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി എന്‍.ശ്രീനിവാസന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല