സ്വന്തം ലേഖകന്‍: അതി തീവ്ര മഴകാരണം കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് . സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മഴക്കെടുതിയിലായ സംസ്ഥാനത്ത് 1206 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 2,21,286 പേര്‍. അവസാനം ലഭിച്ച കണക്കനുസരിച്ച് മരണം 92 ആയി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. മലപ്പുറം, കോഴിക്കോട് ജല്ലകളിലാണ് റെഡ് അലര്‍ട്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴക്കാണ് സാധ്യത. അതിനാല്‍ ജാഗ്രത തുടരും.
വെള്ളിയാഴ്ചക്ക് ശേഷം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇതുവരെ 1206 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. 67562 കുടുംബങ്ങളില്‍ നിന്നായി 221286 പേരാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്. 1057 വീടുകള്‍ പൂര്‍ണമായും 11159 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് സര്‍ക്കാര്‍ കണക്ക്. 59 പേരെ കാണാനില്ലെന്നും 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഴക്കെടുതിയില്‍ ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ പ്രവാസി ലോകവും. സകലതും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടെത്തിയിരിക്കുകയാണ് പ്രവാസി കൂട്ടായ്മകള്‍. യുഎഇയില്‍ വിവിധ ഇടങ്ങളില്‍ ശേഖരണ കേന്ദ്രങ്ങള്‍ തുറന്ന് കൂടുതല്‍ സാധനങ്ങള്‍ നാട്ടിലെത്തിക്കുകയാണ് ഇവര്‍.
വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റേജ് കലാകാരന്മാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ഹ്യുമാനിറ്റിയുടെ നേതൃത്വത്തില്‍ യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുകയാണ് ഇവര്‍. പ്രളയ ദുരിതാശ്വാസത്തിനെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് ദുരിതാശ്വാസത്തിനായി പ്രവാസി ലോകവും കൈകോര്‍ക്കുന്നത്.
ദുബായിയിലെ കളക്ഷന്‍ പോയിന്റുകള്‍ ഇവയാണ്.
ദേ പുട്ട് റെസ്റ്റോറന്റ്, ഖരാമ
പാബ്ലോ ഡി കഫേ, ട്രേഡ് സെന്റര്‍ സൈഡ്
ദേ പുട്ട് റെസ്റ്റോറന്റ്, അല്‍ക്വിസിസ്
വൈഡ് റേഞ്ച് റെസ്റ്റോറന്റ്, ലുലു വില്ലേജ്
ഗോള്‍ഡന്‍ ടേസ്റ്റി റെസ്റ്റോറന്റ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്
സ്റ്റാര്‍ ഗ്രില്‍സ് റെസ്റ്റോറന്റ്, ബര്‍ദുബായ്
ഓസ്‌കാര്‍ പ്രൊഡക്ഷന്‍, ദുബായ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല