സ്വന്തം ലേഖകന്‍: ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു. സത്യാര്ഥ് നായക് എഴുതിയ ശ്രീദേവിയുടെ ജീവിത കഥ പ്രസിദ്ധീകരിക്കുന്നത് പെന്‍ഗ്വിന്‍ റാന്‍ഡം ഹൌസ് ആണ്. ഈ വര്‍ഷം ഒക്ടോബറില്‍ പുറത്തിറങ്ങുന്ന പുസ്തകം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അംഗീകാരത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഗേള്‍, വുമണ്‍, സൂപ്പര്‍ സ്റ്റാര്‍ എന്നാന് പുസ്തകത്തിന്റെ പേര്.
‘ശ്രീദേവിയുടെ വലിയ ആരാധകനാണ് ഞാന്‍. ഇന്ത്യ സ്‌നേഹിച്ച സ്‌ക്രീന്‍ ദേവതയുടെ ജീവിതയാത്ര ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഈ പുസ്തകത്തെ കാണുന്നത്. ശ്രീദേവിയുടെ സിനിമാ ജീവിതത്തില്‍ അവര്‍ ഇടപെട്ടിട്ടുള്ള സഹപ്രവര്‍ത്തകരോട് സംസാരിച്ചു, അവരുടെ ഓര്‍മ്മകളിലൂടെ, ഒരു ബാലതാരം എന്ന നിലയില്‍ നിന്നും ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്കുള്ള ശ്രീദേവിയുടെ യാത്രയാണ് പ്രതിപാദിക്കുന്നത്,’ പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്‍ നായക് പറയുന്നു.
ഫെബ്രുവരി 25, 2018 ശനിയാഴ്ചയാണ് ദുബായില്‍ താസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും അവര്‍ മരിച്ചിരുന്നു. ദുബായില്‍ ബന്ധുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി.
പിന്നീട് പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞു ഇന്ത്യയില്‍ എത്തിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം ബൊളിവുഡിലെ സഹപ്രവര്‍ത്തര്‍, അനേകായിരം വരുന്ന അവരുടെ ആരാധകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മുംബൈയില്‍ സംസ്‌ക്കരിച്ചു. അകാലത്തില്‍ ഉള്ള അവരുടെ വിയോഗം അവരുടെ കുടുംബത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കാകെ ഒരു പ്രഹരമായിരുന്നു. ആ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെയും കുടുംബവും കൂട്ടുകാരും ഒന്നും തന്നെ കരകയറിയിട്ടില്ല.
മരണാന്തരം ശ്രീദേവിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി. ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഉര്‍വ്വശി പുരസ്‌കാരം അവരെ തേടിയെത്തിയത്. ശ്രീദേവിയുടെ അഭാവത്തില്‍ അവരുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കള്‍ ജാന്‍വി, ഖുശി എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല