1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2011

ലണ്ടന്‍ : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം സെമിയില്‍ പരാജയപ്പെട്ടു. അഞ്ചാം സ്വീഡ് ചൈനയുടെ കിങ് തിയാന്‍ യുന്‍ലെയ് ഷാവോ സഖ്യമാണ് ചാംപ്യന്‍ഷിപ്പില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷകളെ നേരിട്ടുള്ള സെറ്റുകളില്‍ ഇല്ലാതാക്കിയത്. സ്‌കോര്‍ : 21-14, 21-16.

പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ ജോഡികള്‍ വെങ്കല മെഡലിന് അര്‍ഹരായി. ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 28 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ നേടുന്ന മെഡലാണിത്. ഇതിന് മുമ്പ് 1983ല്‍ പ്രകാശ് പാദുക്കോണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ നേടിയ വെങ്കലമെഡലാണ് ഇന്ത്യയുടെ ചാംപ്യന്‍ഷിപ്പിലെ ആദ്യ മെഡല്‍.

കോമണ്‍വെല്‍ത്ത ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ സംഖ്യം നന്നായി പൊരുതിയതിന് ശേഷമാണ് എതിരാളികള്‍ക്ക് മുന്നില്‍ തോല്‍വി സമ്മതിച്ചത്. മുപ്പത്തിയെട്ട് മിനിറ്റാണ് വാശിയേറിയ പോരാട്ടം നീണ്ടുനിന്നത്. നെറ്റ് ഗെയിമില്‍ ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യന്‍ ജോഡി സ്മാഷുകളിലും നീണ്ട റാലികളിലുമാണ് അടിയറവു പറഞ്ഞത്.

പുരുഷന്മാരുടെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചോങ് വെയ് ലീയും മുന്‍ ലോകചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ ലിന്‍ ഡാനും തമ്മില്‍ ഏറ്റ് മുട്ടും. സെമിയില്‍ ലീ കെവിന്‍ കോര്‍ഡനെയും (21-7, 21-13) ലിന്‍ ഡാന്‍ ഡെന്‍മാര്‍ക്കിന്റെ പീറ്റര്‍ ഗഡേയെയും (22-24 2-17, 21-15) തോല്‍പിച്ചത്. കഴിഞ്ഞ തവണ ലിന്‍ ഡാനും ലീയും ലോകചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ തന്നെ തോറ്റിരുന്നു. ലിന്‍ ഡാന്‍ മൂന്നു തവണ ലോക ചാമ്പ്യനായപ്പോള്‍ 2008 മുതല്‍ ലോക ഒന്നാം നമ്പര്‍ കാത്തുസൂക്ഷിച്ചുപോരുന്ന ലീയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്.

വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് തായ്‌പേയുടെ ഷാവൊ ചി ചെങ്ങും രണ്ടാം സീഡ് ചൈനയുടെ യിഹാന്‍ വാങ്ങും തമ്മില്‍ ഏറ്റ് മുട്ടും. യിഹാന്‍ വാങ് നാട്ടുകാരിയായ മൂന്നാം സീഡ് സിന്‍ വാങ്ങിനെയും (21-14, 21-15) ഷാവൊ ചെങ് ജര്‍മനിയുടെ ജൂലിയാനെ ഷെങ്കിനെയും (21-18, 21-6) ആണ് തോല്‍പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.