ബെല്‍ജിയം: യൂറോപ്പില്‍ ഹാട്രിക് സ്വര്‍ണം നേടാന്‍ ടിന്റുവിനായില്ല. ബല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ടിന്റു ലൂക്കക്ക് 800 മീറ്ററില്‍ വെള്ളി കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
ലണ്ടന്‍ ഒളിമ്പിക് യോഗ്യതയും ഈമാസം ദക്ഷിണകൊറിയയിലെ ദെയ്ഗുവില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡലും ലക്ഷ്യമിട്ട് യൂറോപ്യന്‍ പര്യടനത്തിനിറങ്ങിയ ടിന്റു ലൂക്ക നേരത്തേ പങ്കെടുത്ത രണ്ട് മീറ്റുകളിലും സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ബ്രസല്‍സില്‍ സീസണിലെ തന്റെ മികച്ച സമയം കുറിച്ചെങ്കിലും സ്വര്‍ണം നേടാന്‍ ടിന്റുവിനായില്ല.
2:02:75 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. നേരിയ വ്യത്യാസത്തിാണ് ലണ്ടന്‍ ഒളിപിംക്‌സിനുള്ള ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാമാര്‍ക്ക് ടിന്റുവിന് മറികടക്കാനാവാഞ്ഞത്. ഒളിമ്പിക്‌സിന് യോഗ്യത നേടണമെങ്കില്‍, രണ്ടുമിനിറ്റ് 01.30 സെക്കന്‍ഡിന്റെ ബി സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് മറികടക്കണം. 2:01:57 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ലാറ്റ്വിയ തോമസ് സ്വര്‍ണവും 2:02:54 സെക്കന്റില്‍ ഓടിയെത്തി കാനഡയുടെ ബെക്കാവു കാരിന്‍ വെങ്കലവും നേടി.
യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ മീറ്റായ കാള്‍സ്റ്റാഡ് ഗ്രാന്‍ഡ്പ്രീയില്‍ ടിന്റു സ്വര്‍ണം നേടിയിരുന്നു. പിന്നീട് ആംസ്റ്റര്‍ഡാം ഓപണിലും സുവര്‍ണനേട്ടം ടിന്റു കൈവരിച്ചിരുന്നു. 2010ല്‍ ക്രൊയേഷ്യയിലെ സ്പ്ലിറ്റില്‍ നടന്ന കോണ്ടിനെന്റല്‍ കപ്പില്‍ 1:59.17 സെക്കന്‍ഡില്‍ ലക്ഷ്യം താണ്ടിയ ടിന്റുവിന് പിന്നീട് രണ്ടുമിനിറ്റില്‍ത്താഴെ ഓടാനായിട്ടില്ല. എങ്കിലും യൂറോപ്യന്‍ മീറ്റുകളിലെ മത്സര പരിചയം ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ നാലു വരെ കൊറിയയിലെ ദെയ്ഗുവില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടിന്റുവിനെ സഹായിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല