ഇനി ധൈര്യമായി നയന്‍സിന് ക്ഷേത്രത്തില്‍ പ്രവേശിക്കാം. ഡയാനയെ ഉപേക്ഷിച്ച് ആചാരപ്രകാരം നയന്‍ താരയായല്ലോ. അടുത്ത് തന്നെ അതിനുള്ള അവസരവും ഒത്തുവരുന്നുണ്ടെന്നാണ് ടോളിവുഡിലെ അടക്കം പറച്ചില്. ആന്ധ്രയിലെ പ്രശസ്ത ശ്രീരാമക്ഷേത്രമായ ഭദ്രാചലമാണ് നടി ഹിന്ദുമതം സ്വീകരിച്ച ശേഷം ആദ്യമായി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.
നടനും സംവിധായകനുമായ പ്രഭുദേവയെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് നയന്‍ ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതം സ്വീകരിക്കുന്നതിന് മുമ്പേ താരം പല ഹിന്ദുക്ഷേത്രങ്ങളും സന്ദര്ശിയ്ക്കാറുണ്ടായിരുന്നുവെന്നാണ് അവരോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ രാജ്യത്തെ പല പ്രമുഖ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഹിന്ദുമതം സ്വീകരിക്കുന്നതിന് മുമ്പ് പ്രഭുവിനോടൊപ്പം ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോഴും ഇക്കാരണത്താല്‍ നയന്‍സിന് ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
ഇത്തരത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ഹൈദരാബാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദൂരെയുള്ള ശ്രീരാമക്ഷേത്രമായ ഭദ്രാചലവും. എന്നാലിപ്പോള്‍ ആചാരപ്രകാരം ഹിന്ദുമതവിശ്വാസിയായതിനാല്‍ നയന്‍സിന്റെ ക്ഷേതപ്രവേശനത്തിന് മറ്റു തടസ്സങ്ങളൊന്നുമില്ല.
തെലുങ്ക് പുരാണചിത്രമായ ശ്രീരാമ രാജ്യത്തിന്റെ പൂജകളുമായി ബന്ധപ്പെട്ടാണ് നയന്‍സ് ക്ഷേത്രത്തിലെത്തുന്നത്. ചിത്രത്തിന്റൈ ഓഡിയോ റിലീസ് ആഗസ്റ്റ് 15ന് വൈകിട്ട് ഭദ്രാചലം ക്ഷേത്രത്തില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം തൊട്ടടുത്ത സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
പൂജകളിലും ഓഡിയോ ലോഞ്ചിങിലും പങ്കെടുക്കുന്നതിനായി നയന്‍താര, ബാലകൃഷ്ണ, ഇളയരാജ, നാഗേശ്വര റാവു തുടങ്ങിയവരെല്ലാം ഭദ്രാചലത്തില്‍ ഹെലികോപ്ടറിലെത്തും. പൂജകളില്‍ പങ്കെടുത്താണ് ഹിന്ദുവായി മാറിയ നയന്‍സിന്റെ ക്ഷേത്രപ്രവേശനം നടക്കുക.
ചിത്രത്തില്‍ സീതയായാണ് നയന്‍സ് വേഷമിട്ടിരിയ്ക്കുന്നത്. ശ്രീരാമനാവുന്നത് ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുമാണ്. തെലുങ്കിലെ മുതിര്‍ന്ന സംവിദായകനായ ബാപ്പുവാണ് ശ്രീരാമരാജ്യം സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്ത്തിയാവുന്നടോടെ നടി അഭിനയരംഗത്തോട് താല്‍ക്കാലികമായി വിടവാങ്ങുമെന്നും കുടുംബജീവിതത്തിലേക്ക് കടക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ സിനിമാലോകത്ത് നിലനില്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല