ന്യൂദല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് നിരാഹാരസമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച അന്നാ ഹസാരെയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. സുശക്തമായ ലോക്പാല്‍ ബില്ല് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ അനിശ്ചിതകാല നിരാഹാരസമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മയൂര്‍വിഹാറിലെ വസതിയിലെത്തി പോലീസ് അറസ്റ്റു ചെയ്തത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കിരണ്‍ബേദിയെയും ഹസാരെയുടെ അടുത്ത അനുയായിയും പൊതുപ്രവര്‍ത്തകനുമായ അരവിന്ദ് കെജ്‌റിവാളിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മുകളില്‍ നിന്നുള്ള ഉത്തരവ് പോലീസ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിനോട് കിരണ്‍ ബേദി പ്രതികരിച്ചു.
ഹസാരെയെ കൊണ്ടുപോകുന്ന വാഹനം തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. കനത്ത പോലീസ് സന്നാഹത്തെ പോലീസ് പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ജെപി പാര്‍ക്കിനു മുന്നില്‍ ഇന്നലെ രാത്രി നിരോധനാജ്ഞാലംഘനം നടത്തി സംഘടിച്ചതിന് അന്‍പതോളം ഹസാരെ അനുയായികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സര്‍ക്കാര്‍ ബലപ്രയോഗത്തിന് മുതിര്‍ന്നാലും ഇന്ന് നിരാഹാരസമരം നടത്തുമെന്ന് അണ്ണാ ഹസാരെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പി പാര്‍ലമെന്റില്‍ ഇക്കാര്യമുന്നയിച്ച് ബഹളമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ലോക്പാല്‍ സംബന്ധിച്ച് ഇടതുപാര്‍ട്ടികള്‍ക്ക്ു ഹസാരെയുടെ നിബന്ധനകളോട് വിയോജിപ്പാണെങ്കിലും സമരം ചെയ്യാനുള്ള അവകാശം ഹനിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ കക്ഷിഭേദമന്യേ ചെറുക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല