1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011

ജിജി നട്ടാശ്ശേരി

ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിശ്വാസ ആചാരങ്ങളിലും, ഭക്തിനിര്‍ഭരമായ ആരാധനയിലും ആകൃഷ്‌ടനായ ഇറ്റാലിയന്‍ വംശജനായ അമേരിക്കന്‍ യുവാവ്‌ അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ അംഗത്വമെടുത്ത്‌ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാകുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌-ഈസ്റ്റ്‌ ഭദ്രാസനത്തിലെ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അംഗത്വമുള്ള മുന്‍ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥന്‍കൂടിയായ ലൂയീസ്‌ ക്രിസാനോ (31) എന്ന രജിസ്‌ട്രേഡ്‌ നഴ്‌സ്‌ ആണ്‌ ഇടവകയിലെ യുവജനവേദികളിലും ഭദ്രാസനതല കോണ്‍ഫറന്‍സുകളിലും നിറഞ്ഞുനിന്ന്‌ ശ്രദ്ധേയനായത്‌. തന്റെ ആത്മീയ വളര്‍ച്ചയിലും ജീവിതദിശയെ തന്നെയും നേര്‍പാതയില്‍ നയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയേയും മലയാളി സമൂഹത്തിന്റെ സഹവര്‍ത്തിത്വത്തേയും കുറിച്ച്‌ പറയുമ്പോള്‍ ലൂയി വാചാലനാകുന്നു.

ഇറ്റലിയില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അമേരിക്കയില്‍ കുടിയേറിയ കത്തോലിക്കാ മതവിശ്വാസികളായ കുടുംബത്തിന്റെ മൂന്നാം തലമുറയിലെ അംഗമാണ്‌ സ്റ്റാറ്റന്‍ഐലന്റ്‌ സൗത്ത്‌ ബീച്ച്‌ സൈക്യാട്രിക്‌ സെന്ററില്‍ ആര്‍.എന്‍ ആയി ജോലിചെയ്യുന്ന ലൂയീസ്‌.മാതാപിതാക്കള്‍ ക്രൈസ്‌തവ വിശ്വാസികളായിരുന്നുവെങ്കിലും അമേരിക്കയിലെ ചുറ്റുപാടില്‍ ഞായറാഴ്‌ച പതിവായി പള്ളിയില്‍ പോകുന്ന പതിവൊന്നും തനിക്കില്ലായിരുന്നു. പഠനം, ജോലി, പണസമ്പാദനം എന്നതുമാത്രമായിരുന്നു ജീവിതലക്ഷ്യം. കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം കുടുംബാംഗങ്ങള്‍ നിരവധി പേര്‍ പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക്‌ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ (എന്‍.വൈ.എഫ്‌.ഡി) ഫയര്‍മാനായി ചേര്‍ന്നു. അപകടമേഖലകളില്‍ സേവനസന്നദ്ധതയോടെ പത്തുവര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ്‌ സ്റ്റാറ്റന്‍ഐലന്റ്‌ കമ്യൂണിറ്റി കോളജില്‍ നഴ്‌സിംഗ്‌ പഠനത്തിനുചേര്‍ന്നത്‌.

കേരളീയ പാരമ്പര്യത്തില്‍ കടുത്ത ഓര്‍ത്തഡോക്‌സ്‌ ചുറ്റുപാടില്‍ വളര്‍ന്നുവന്ന നിഷ ഫിലിപ്പിനെ കാമ്പസില്‍ കണ്ടുമുട്ടിയതാണ്‌ ജീവിതത്തിലെ ഭാഗ്യനിമിഷമെന്ന്‌ ലൂയി വിശേഷിപ്പിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന കൗണ്‍സില്‍ അംഗവും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ – ശാന്തമ്മ ദമ്പതികളുടെ പുത്രിയായ നിഷയുമായുള്ള വിവാഹം ഓര്‍ത്തഡോക്‌സ്‌ ആചാരപ്രകാരമാണ്‌ നടത്തിയത്‌. അമേരിക്കന്‍ സമൂഹത്തില്‍ പ്രിയങ്കരനായിരുന്ന കാലംചെയ്‌ത ഡോ. തോമസ്‌ മോര്‍ മക്കാറിയോസ്‌ തിരുമേനിയാണ്‌ വിവാഹം ആശീര്‍വദിച്ചത്‌. ദീര്‍ഘമായ ശുശ്രൂഷകളും, മലയാള ഭാഷയിലെ തന്റെ അജ്ഞതയുമൊക്കെ പ്രാരംഭത്തില്‍ ഏറെ ബുദ്ധിമുട്ടിച്ചുവെങ്കിലും സെന്റ്‌ മേരീസ്‌ പള്ളി വികാരി റവ.ഫാ. ടി.എ. തോമസ്‌ അച്ചന്റെ ഇംഗ്ലീഷിലുള്ള ആരാധനയും, പ്രസംഗങ്ങളുമാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയെ കുറിച്ച്‌ കൂടുതല്‍ പഠിക്കുവാന്‍ തന്നെ പ്രേരിതനാക്കിയത്‌. ഭാര്യാപിതാവിന്റെ പുസ്‌തക ശേഖരങ്ങളും സഭാ വെബ്‌സൈറ്റുകളും ഇക്കാര്യത്തില്‍ ഏറെ തുണയായി.

ഞായറാഴ്‌ച മുതല്‍ മുടങ്ങാതെ പള്ളിയില്‍ ആരാധന നടത്തുന്ന ലൂയീസ്‌ മക്കളായ നാദിയയേയും, ലായിലയേയും സണ്‍ഡേ സ്‌കൂള്‍ പഠനത്തിനും മുടങ്ങാതെ അയയ്‌ക്കുന്നു. ഇടവകയിലെ യൂത്ത്‌ അസോസിയേഷനില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ജൂലൈ ആദ്യവാരം നടന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്‌ ഏറെ വ്യത്യസ്‌തമായ അനുഭവമായിരുന്നു. തിരുമേനിമാരും ഇതര ആദ്ധ്യാത്മിക ആചാര്യന്മാരും നയിച്ച ക്ലാസുകളും പ്രസംഗങ്ങളും ഓര്‍ത്തഡോക്‌സ്‌ വേദശാസ്‌ത്രത്തെ കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ സാധിച്ചുവെന്ന്‌ ലൂയീസ്‌ പറഞ്ഞു.

മഹത്തായ പാരമ്പര്യമുള്ള ഓര്‍ത്തഡോക്‌സ്‌ സഭ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ മാത്രമായി ഒതുങ്ങാതെ ഇതര രാജ്യങ്ങളില്‍ നിന്നും വ്യത്യസ്‌ത സാംസ്‌കാരിക പശ്ചാത്തലമുള്ള ആളുകള്‍ക്കുംകൂടി മനസ്സിലാക്കുവാനും അംഗത്വമെടുക്കാനുമുള്ള അവസരമൊരുക്കണമെന്ന്‌ ലൂയീസ്‌ അഭ്യര്‍ത്ഥിച്ചു. നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ പുതിയ അമരക്കാരനായി ചുമതല ഏറ്റെടുത്തിട്ടുള്ള ജനകീയനായ മെത്രാപ്പോലീത്ത സഖറിയാസ്‌ മോര്‍ നിക്കളാവോസ്‌ തിരുമേനിയുടെ ദീര്‍ഘവീക്ഷണവും ലോകപരിചയവും ഇക്കാര്യത്തില്‍ ഏറെ ക്രിയാത്മകമായി പ്രവര്‍ത്തിച്ച്‌ വിജയം കൈവരിക്കുവാന്‍ കഴിയുമെന്ന്‌ ലൂയീസ്‌ അഭിപ്രായപ്പെട്ടു. ഏറെ പറഞ്ഞുകേട്ടിട്ടുള്ള മലയാളി നാടിനേയും ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഈറ്റില്ലമായ മലങ്കരയിലെ പുണ്യ ദേവാലയങ്ങളും സന്ദര്‍ശിക്കുകയാണ്‌ തന്റെ അടുത്ത ലക്ഷ്യമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെയര്‍ എ ഡേ എന്ന സാമൂഹ്യ സംഘടനയിലും സജീവ പ്രവര്‍ത്തകനായ ലൂയീസ്‌ മലയാളി ഭാര്യ നിഷയും മക്കളായ നാദിയ ക്രിസാനോ (5), ലായില ക്രിസാനോ (3) എന്നിവരോടൊപ്പം സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നു. പൗരസ്‌ത്യസംഗീതത്തില്‍ അധിഷ്‌ഠിതമായ ഓര്‍ത്തഡോക്‌സ്‌ ആരാധനാഗീതങ്ങളുടെ ആരാധകന്‍ കൂടിയായ ലൂയീസ്‌ ക്രിസാനോയ്‌ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത മറ്റൊന്നാണ്‌ തനി കേരളീയ വിഭവങ്ങള്‍. മലയാളത്തിന്റെ രുചിയും, പുണ്യമായ സാംസ്‌കാരിക പൈതൃകവും മനസ്സിലേറ്റി താലോലിക്കുന്ന ഇറ്റാലിയന്‍ പുത്രന്‌ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന്‌ നമുക്ക്‌ ആശംസിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.