സ്വന്തം ലേഖകൻ: ഡാനിയേൽ ക്രെയ്ഗ് അവസാനമായി 007 ന്റെ കുപ്പായം അണിയുന്ന ജയിംസ് ബോണ്ട് ചിത്രം “നോ ടൈം ടു ഡൈ” പുറത്തിറങ്ങാനിരിക്കെ അടുത്ത ബോണ്ട് ആരാകുമെന്ന ചോദ്യത്തിന് ഉത്തരവുമായി പ്രിയങ്ക ചോപ്ര.
ഒരു പെണ് ബോണ്ട് ഉണ്ടാകേണ്ടതിനെ കുറിച്ച് ഊന്നിപ്പറഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമായ പ്രിയങ്ക. പെണ് ബോണ്ട് വേണമെന്നു മാത്രമല്ല, വേണമെങ്കില്‍ താന്‍ തന്നെ ബോണ്ടാകാന്‍ തയ്യാറാണെന്നും മെട്രോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.
എന്നും ഒരു സ്ത്രീ ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. അത് ഈ ജന്മം തന്നെ നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തായാലും എനിക്ക് ആ വേഷം ചെയ്യാന്‍ കഴിയില്ലല്ലോ-പ്രിയങ്ക പറഞ്ഞു.
ഏത് നടി ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാനാണ് ആഗ്രഹമെന്ന ചോദ്യത്തിനാണ് ഞാന്‍ തന്നെ എന്ന് പ്രിയങ്ക ഉത്തരം നല്‍കിയത്. അത് സാധ്യമാവുമോ എന്നറിയില്ല. എങ്കിലും ഒരു സ്ത്രീയെ ആ വേഷത്തില്‍ കാണണമെന്ന ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
ഡാനിയല്‍ ക്രെയ്ഗിന്റെ നാലാമത്തെ ബോണ്ട് ചിത്രമാണ് “നോ ടൈം ടു ഡൈ.” കാസിനോ റോയലായിരുന്നു ആദ്യ ചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സോളസ്, സ്കൈഫോള്‍, സ്പെക്ടര് എന്നീ ചിത്രങ്ങള്‍ പിറകെയെത്തി. റിച്ചാര്‍ഡ് മാഡ്ഡെന്റെയും ഇദ്രിസ് എല്ബയുടെയും സിലിയന്‍ മര്ഫിയുടെയുമെല്ലാം പേരുകള്‍ പുതിയ ബോണ്ട് ആരാണെന്ന ചോദ്യത്തിന് ഉത്തരമായി പറഞ്ഞു കേൾക്കുന്നുണ്ട്. ഒപ്പം ക്യാപ്റ്റന്‍ മാര്‍വൽ താരം ലഷാന ലിഞ്ച് ക്രെയ്ഗില്‍ നിന്ന് 007 സ്ഥാനം ഏറ്റെടുക്കുന്നും അഭ്യൂഹമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല