സ്വന്തം ലേഖകൻ: ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് വാഹന യുഗത്തിന് തുടക്കം കുറിച്ചത് ജനപ്രിയ സെഡാന് മോഡലായ ടിഗോറിലൂടെയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മുമ്പുതന്നെ എത്തിയ ഈ വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.
ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 213 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി നല്‍കിയാണ് ടിഗോര്‍ ഇ.വി നിരത്തിലെത്തിയിരിക്കുന്നത്. ഡല്‍ഹി എക്സ്ഷോറൂം വില 9.44 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന ടിഗോറിന്റെ ഇലക്ട്രിക് പതിപ്പില്‍ മൂന്ന് വകഭേദങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇലക്ട്രിക് കരുത്തിലേക്ക് മാറിയതോടെ ടിഗോറിന്റെ ലുക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇ.വി ബാഡ്ജിങ്ങ് പതിപ്പിച്ചിട്ടുള്ള പുതിയ ഗ്രില്ല്, അലോയി വീലുകള്‍, ഡോറുകളില്‍ ഇ.വി ബാഡ്ജിങ്ങ്, ഫാര്‍ക്ക് ഫിന് ആന്റിന എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.
ബ്ലാക്ക്- ഗ്രേ നിറങ്ങളിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഹര്മന് സ്റ്റീരിയോയാണ് ടിഗോര്‍ ഇ.വിയിലുള്ളത്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് എന്നിവയും ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. വേഗം കൂടിയതും കുറഞ്ഞതുമായ ചാര്‍ജിങ്ങ് സംവിധാനം ഇതിലുണ്ട്.
വൈദ്യുത വാഹനം പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതി പ്രകാരം സബ്സിഡിക്ക് അര്‍ഹതയുണ്ട്. സബ്സിഡി തുക കിഴിച്ചുള്ള തുകയാണ് ഷോറൂം വിലയായി പരസ്യപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ ഇറങ്ങിയ ടിഗോര്‍ ഇ.വി.യുടെ വില്പന സര്‍ക്കാരിനും ടാക്സി ഉടമകള്‍ക്കും മാത്രമായി നിജപ്പെടുത്തിയിരുന്നു. പുതിയ ടിഗോര്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 142 കിലോമീറ്റര്‍ മാത്രമായിരുന്നു പഴയ ടിഗോറില്‍ ലഭ്യമായിരുന്നത്.
പ്രഥമിക ഘട്ടമെന്നോണം ഇന്ത്യയിലെ 30 നഗരങ്ങളിലാണ് ടാറ്റ ഇലക്ട്രിക് ടിഗോര്‍ എത്തിക്കുന്നത്. എന്നാല്‍, വരും മാസങ്ങളില്‍ രാജ്യത്ത് ഉടനീളം എത്തിക്കുമെന്നാണ് റിപ്പോർട്ട്.