സ്വന്തം ലേഖകൻ: ചാനല്‍ ലൈവില്‍ വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫ്രെയിമിലേക്ക് കയറിവന്ന സ്വന്തം മക്കള്‍ കാരണം പ്രശസ്തനായ ബി.ബി.സി ഡാഡിന്റെ പാത പിന്തുടരുകയാണ് എന്‍.ബി.സി ന്യൂസ് ചാനലിന്റെ പെന്റഗണ്‍ ആസ്ഥാനത്തെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ കട്ട്‌നി കൂബേ. ചാനലിനായി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് കൂബെയുടെ കുഞ്ഞുമകന്‍ അമ്മയുടെ ഫ്രെയിമിലേക്ക് കയറി വന്നത്. നിമിഷ നേരങ്ങള്‍ക്കൊണ്ട് ലോകം മുഴുവന്‍ ഈ ദൃശ്യം വൈറലായി.
ബി.ബി.സി ഡാഡ് എന്നറിയപ്പെടുന്ന പ്രൊഫസര്‍ റോബര്‍ട്ട് കെല്ലിയുടെ അനുഭവത്തോടാണ് സാമൂഹിക മാധ്യമങ്ങളിലെ അംഗങ്ങള്‍ ഈ സംഭവത്തെ താരതമ്യം ചെയ്തത്. സിറിയയില്‍ തങ്ങളുടെ സൈനിക സന്നാഹം വിപുലീകരിക്കാനുള്ള തുര്‍ക്കിയുടെ നീക്കത്തെ കുറിച്ചുള്ള ഗൗരവം നിറഞ്ഞ റിപ്പോര്‍ട്ടിങ്ങിലായിരുന്നു കൂബെ. അപ്പോഴാണ് മകന്‍ കടന്നുവന്ന് അമ്മയെ പിടിച്ചത്. ആദ്യം കൂബെ കുഞ്ഞിനെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. പിന്നീട് ചിരിച്ചുകൊണ്ട് “ക്ഷമിക്കുക എന്റെ കുഞ്ഞിവിടെ ഉണ്ട്.. ലൈവ് ടെലിവിഷനില്‍,” എന്ന് പറയുകയായിരുന്നു കൂബെ.
സംഭവത്തിന്റെ വീഡിയോ എം.എസ്.എന്‍.ബി.സി ട്വീറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതിലും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ സംഭവിക്കാറുണ്ടെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. കുഞ്ഞിനെ ജോലി സ്ഥലത്ത് കൊണ്ടു വരുകയും കുഞ്ഞ് ഫ്രെയിമില്‍ കയറിയപ്പോള്‍ അത് മനോഹരമായി കൈകാര്യം ചെയ്യുകയും ചെയ്ത കൂബെയെ അനുമോദിച്ച് നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല