സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തെത്തിയത്. അംഗരാജ്യങ്ങള്‍, 2019ലെ ബജറ്റിന്റെ 70 ശതമാനം മാത്രം നല്‍കിയതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്‍ വെള്ളിയാഴ്ച വ്യക്തമാക്കി.
193 അംഗരാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെയുള്ള 35 രാജ്യങ്ങള്‍ മാത്രമാണ് മുഴുവന്‍ വിഹിതവും കുടിശികയും അടച്ചുതീര്ത്തിട്ടുള്ളത്. അതേസമയം വിഹിതം അടച്ചുതീര്‍ക്കാനുള്ള രാജ്യങ്ങളുടെ പേര് ഐക്യരാഷ്ട്രസഭ പരസ്യപ്പെടുത്തിയിട്ടില്ല. ആകെ 64 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയ്ക്ക് പണം നല്‍കാനുള്ളത്. യു എസ്, ബ്രസീല്‍, അര്‍ജന്റീന, മെക്സിക്കോ, ഇറാന് തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന.
അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലായ ഐക്യരാഷ്ട്ര സംഘടന ചെലവുകൾ ചുരുക്കുന്നതിനായി എസ്കലേറ്ററുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും യോഗങ്ങളും ചർച്ചകളും റദ്ദാക്കുകയും ഔദ്യോഗിക യാത്രകൾ പരിമിതപ്പെടുത്തുകയും ചെയ്തു. എയർ കണ്ടീഷൻ, ഹീറ്റർ എന്നിവയുടെ ഉപയോഗം കുറച്ചു. 1952ൽ യുഎൻ ആസ്ഥാനമന്ദിരത്തിന്റെ പുറത്ത് യുഎസ് സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച ജലധാര അടച്ചിടുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഒരു ദശാബ്ദത്തിനിടെ ഐക്യരാഷ്ട്ര സഭ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്. ഈ അവസ്ഥ നേരിടുന്നതിനും തരണം ചെയ്യുന്നതിനുമായി ലോകത്തൊട്ടാകെയുള്ള യുഎൻ ഓഫീസുകളിൽ ഇത്തരം നടപടികൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കാൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടിയന്തര നടപടികൾ തുടരുമെന്നും ഇത് ജോലി സാഹചര്യങ്ങളെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കുമെന്നും അദ്ദേഹം എല്ലാ യുഎൻ സ്ഥാപനങ്ങളുടെയും തലവന്മാർക്ക് അയച്ച കത്തിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല