സ്വന്തം ലേഖകൻ: സിറിയയിൽ തുർക്കിയുടെ ആക്രമണം അഞ്ചാം ദിവസമായ ഇന്നലെയും തുടർന്നതോടെ പലായനം ചെയ്തവരുടെ എണ്ണം 1.30 ലക്ഷത്തോളമായെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. തുർക്കിയുടെ ആക്രമണത്തെ തുടർന്ന്, ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാംപിൽ നിന്ന് എണ്ണൂറോളം പേർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.
കുർദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുർക്കി അവകാശപ്പെടുന്നു. 52 സാധാരണ പൗരന്മാരടക്കം ഇരുനൂറോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററിയുടെ കണക്ക്. പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ കുർദ് വനിതാ നേതാവും ഇവരിൽ ഉൾപ്പെടുന്നു. കുർദുകൾ നടത്തിയ പ്രത്യാക്രമണത്തിൽ തുർക്കിയിൽ 18 പേർ കൊല്ലപ്പെട്ടു. രാജ്യാന്തര തലത്തിൽ വൻ പ്രതിഷേധം ഉയർന്നിട്ടും ആക്രമണം അവസാനിപ്പിക്കാൻ തുർക്കി കൂട്ടാക്കിയിട്ടില്ല.
ജർമനിയും ഫ്രാൻസും തുർക്കിക്ക് ആയുധം നൽകില്ലെന്ന് പ്രഖ്യാപിക്കുകയും ബ്രിട്ടനും അറബ് രാജ്യങ്ങളും പ്രതിഷേധം ഉയർത്തുകയും യുഎസ് ഉപരോധ ഭീഷണി മുഴക്കുകയും ചെയ്തിട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. തുർക്കിയിലെത്തിയ സിറിയൻ അഭയാർഥികൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിനായാണ് സിറിയയെ ആക്രമിക്കുന്നതെന്നാണ് എർദോഗന്റെ വാദം.
ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച എസ്ഡിഎഫിനെ(സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരരായാണു തുർക്കി കാണുന്നത്. തുർക്കിയുടെ ആക്രമണത്തെ നേരിടാൻ റഷ്യയുമായി കരാറുണ്ടാക്കാൻ കുർദിഷ് പോരാളികൾക്കു പ്രാമുഖ്യമുള്ള എസ്ഡിഎഫ് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല