സ്വന്തം ലേഖകൻ: ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു’ എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജ് ഇന്നലെ പങ്കുവച്ച പോസ്റ്റർ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പൃഥ്വിരാജ് ചിത്രങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ രണ്ടാം ഭാഗമാവുമെന്നായിരുന്നു ആരാധകരുടെ ഊഹം. എന്നാൽ ആരാധകരുടെ കണക്കുകൂട്ടലുകളെയും ഊഹാപോഹങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കികൊണ്ട് തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
ഷാജി കൈലാസും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിശദാംശങ്ങളാണ് താരം പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസുകാരെയെല്ലാം തല്ലി വീഴ്ത്തി പൊലീസ് ജീപ്പിനു മുകളിൽ കയ്യിൽ ചുരുട്ടുമായി കലിപ്പ് ലുക്കിലിരിക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. ഒരു മാസ് ചിത്രമായിരിക്കുമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
‘കടുവ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രങ്ങളായ ‘മാസ്റ്റേഴ്സ്’, ‘ലണ്ടൻ ബ്രിഡ്ജ്’ എന്നിവയുടെ തിരക്കഥയും ജിനുവായിരുന്നു ഒരുക്കിയത്. ജിനുവിന്റെ ആദ്യ സംവിധാനസംരംഭം ‘ആദം ജോണി’ലും പൃഥ്വിരാജായിരുന്നു നായകൻ.
രവി കെ ചന്ദ്രനാണ് ‘കടുവ’യുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തമൻ എസ് സംഗീതവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കും. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘കടുവ’. ‘സിംഹാസനം’ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യചിത്രം. 2013 ൽ പുറത്തിറങ്ങിയ ‘ജിഞ്ചർ’ ആയിരുന്നു ഷാജി കൈലാസ് അവസാനമായി മലയാളത്തിൽ ഒരുക്കിയ ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല