സ്വന്തം ലേഖകൻ: യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. നഴ്സിങില്‍ ഡിപ്ലോമ നേടിയ നഴ്സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്ലര് ഡിഗ്രിയാക്കി നിശ്ചയിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു.
ഡിപ്ലോമക്കാർക്ക് റജിസ്റ്റേർഡ് നഴ്സ് (ആർഎൻ) പരീക്ഷ ഇനി എഴുതാനാകാത്തതിനാൽ പ്രാക്ടിക്കൽ നഴ്സ് അല്ലെങ്കിൽ അസിസ്റ്റന്റ് നഴ്സ് ആയി മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. നഴ്സുമാർക്ക് രണ്ടു തരത്തിലുള്ള യോഗ്യതയാണുള്ളത്. മൂന്നോ മൂന്നരയോ വർഷത്തെ ഡിപ്ലോമാ കോഴ്സ് കഴിഞ്ഞും നാലു വർഷത്തെ ബിഎസ്സി കോഴ്സ് കഴിഞ്ഞും ജോലി ചെയ്യുന്നവരാണ് ഇവർ.
വർഷങ്ങൾക്ക് മുൻപ് യുഎഇയിലെത്തിയ നഴ്സുമാർ റജിസ്റ്റേർഡ് നഴ്സ് (ആർഎൻ) പരീക്ഷ മാത്രമേ പാസായിരുന്നുള്ളൂ. പക്ഷേ, അവരുടെ യോഗ്യത ഡിപ്ലോമാ നഴ്സിങ്ങായിരുന്നു. ഷാർജയിലും അജ്മാനിലുമൊക്കെ ഇക്കാര്യത്തിൽ പുനർ തീരുമാനങ്ങളുണ്ടായി. അബുദാബി ഹെൽത്ത് അതോറിറ്റി എല്ലാ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജിഎൻഎം)ക്കാർക്കും പ്രാക്ടിക്കല്‍ അല്ലെങ്കിൽ അസി. നഴ്സിന്റെ പരീക്ഷയും ബിഎസ്സിക്കാർക്ക് മാത്രം ആർഎൻ പരീക്ഷയും അനുവദിച്ചിരുന്നു. അടുത്തിടെ അത് വടക്കൻ എമിറേറ്റുകളിലും (എംഒഎച്ച്) ദുബായിലും (ഡിഎച്ച്എ) ബാധകമാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല