സ്വന്തം ലേഖകൻ: സൗദിയിൽ ധനകാര്യ ഇൻഷൂറൻസ് സ്ഥാപനങ്ങളിലെ പതിമൂവായിരത്തോളം തസ്തികകൾ സ്വദേശിവൽക്കരിക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി തീരുമാനിച്ചു. തുടക്കത്തിൽ ഉയർന്ന തസ്തികകളിലാണ് ഇപ്രകാരം സ്വദേശിവൽക്കരണം നടപ്പാക്കുക. സ്വകാര്യ മേഖലയിലെ വിവിധ ജോലികൾ തൊഴിൽ സാമൂഹ്യ മന്ത്രാലയം നേരത്തെ തന്നെ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മണി എക്സ്ചേഞ്ചുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിക്കു കീഴിൽ രാജ്യത്തു പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപങ്ങളിലും തീരുമാനം നടപ്പാക്കും. ഇവിടങ്ങളിലെ മാനേജർ തസ്തികകളിൽ ഇനി മുതൽ വിദേശ ജോലിക്കാരെ അനുവദിക്കില്ല. 13,000 ത്തോളം ഉന്നത തസ്തികകളിലാണ് ഇപ്രകാരം സ്വദേശികളെ മാത്രമായി നിയമിക്കുക.
ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിൽ വിദേശ ജോലിക്കാരെ നിയമിക്കേണ്ടിവരികയാണെങ്കിൽ അത് സ്വദേശികളെ കിട്ടാനില്ലെങ്കിൽ മാത്രമേ അനുവദിക്കൂ. അത്തരം സന്ദർഭങ്ങളിൽ മതിയായ യോഗ്യതയുള്ള സ്വദേശി ജോലിക്കാരെ കിട്ടാനില്ല എന്ന കാര്യം സ്ഥാപനങ്ങൾ തെളിയിക്കണം. ഭാവിയിൽ അത്തരം ജോലികളിൽ സ്വദേശികളെ തന്നെ നിയമിക്കാനാവശ്യമായ പദ്ധതികളും സ്ഥാപനം ആസൂത്രണം ചെയ്തു സാമക്ക് സമർപ്പിക്കണം.
സ്വകാര്യ സ്ഥാപങ്ങളിലെ ചില ഉയർന്ന തസ്തികകളിൽ നേരത്തെ തന്നെ വിദേശികൾക്ക് വിലക്കേർപ്പെടുത്തി തൊഴിൽ സാമൂഹ്യ മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. ഹ്യൂമൻ റിസോഴ്സ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, കസ്റ്റംസ് ക്ലിയറൻസ് ഓഫീസർ തുടങ്ങി പ്രധാന തസ്തികളിലെല്ലാം നിലവിൽ സ്വദേശിവൽക്കരണം നിലനിൽക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല