ന്യൂദല്‍ഹി: അടുത്ത മാസം ചൈനയിലെ ഒര്‍ഡോസില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ രാജ്പാല്‍സിങ് നയിക്കും. സപ്തംബര്‍ മൂന്ന് മുതല്‍ പതിനൊന്ന് വരെയാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. രണ്ട് ഗോള്‍കീപ്പര്‍മാരും, മൂന്ന ഡിഫന്‍ഡര്‍മാരും, അഞ്ച് മിഡ്ഫീല്‍ഡര്‍മാരും, എട്ട് ഫോര്‍വേഡുകളും അടങ്ങുന്നതാണ് 18 അംഗ ഇന്ത്യന്‍ ടീം.
ഈ വര്‍ഷമാദ്യം നടന്ന അസ്ലന്‍ ഷാ കപ്പില്‍ അര്‍ജുന്‍ ഹാലപ്പയായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ പരിക്ക് കാരണം അര്‍ജുന്‍ ഹാലപ്പ ഇത്തവണ ടീമിലിടം പിടിച്ചില്ല. ഹാലപ്പയെ കൂടാതെ മുതിര്‍ന്ന താരങ്ങളായ ശിവേന്ദ്ര സിങ്, ധരംവീര്‍, തുഷാര്‍ ഖണ്‌ഡേക്കര്‍, ഭരത് ഛികാര തുടങ്ങിയ താരങ്ങളും പരിക്ക് കാരണം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നില്ല.
കാല്‍പാദത്തിനേറ്റ പരിക്കാണ് ഹാലപ്പക്കും ഖണ്‌ഡേക്കര്‍ക്കും വിനയായത്. പരിക്കേറ്റവര്‍ക്കു പകരം താരതമ്യേന ചെറുപ്പക്കാര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മൈതാനത്തിറങ്ങുന്നത്. വേല്‍ഡ് സീരീസ് ഹോക്കിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന് ഹോക്കി ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധന്‍ സന്ദീപ്‌സിങ്, മിഡ്ഫീല്‍ഡര്‍ സര്‍ദാരസിങ് എന്നിവര്‍ ടീമില്‍ ഇടം നേടി.
എന്നാല്‍ ഗോള്‍കീപ്പര്‍ അഡ്രിയന്‍ ഡി സൂസയെയും മുതിര്‍ന്ന സ്‌ട്രൈക്കറായ പ്രഭ്‌ജ്യോത്‌സിങ്ങിനെയും ടീമിലേയ്ക്ക് പരിഗണിച്ചില്ല. ബാംഗ്ലൂരില്‍ നടന്ന രണ്ടു ദിവസത്തെ ട്രയലിനുശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിരീക്ഷകരായ ഹര്‍ഭീന്ദര്‍സിങ്, ദിലീപ് ടിര്‍ക്കി എന്നിവരോടൊപ്പം സെലക്ഷന്‍ ട്രയലില്‍ പങ്കെടുത്ത ഹോക്കി ഇന്ത്യയുടെ സെലക്ടര്‍മാരായ കേണല്‍ ബല്‍ബീര്‍സിങ്, ബി.പി.ഗോവിന്ദ, എ.ബി.സുബ്ബയ്യ എന്നിവരും അടങ്ങിയ സമിതിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന എന്നിവയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്ന മറ്റു ടീമുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല