സ്വന്തം ലേഖകൻ: ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള കാരണം കീടനാശിനി ശ്വസിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്നും അധികൃതര്‍ സ്ഥരീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങള്‍ നാളെ ഖത്തറില്‍ ഖബറടക്കും. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിനെയും കുടുംബത്തെയും ശ്വാസതടസ്സവും ഛര്‍ദ്ദിയും മൂലം ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിച്ചത്.
ഇവരുടെ മക്കളായ ഏഴ് മാസം മാത്രം പ്രായമുള്ള റിദ ഹാരിസ്, മൂന്നരവയസ്സുള്ള റഹാന് ഹാരിസ് എന്നിവര്‍ ഉടന്‍ തന്നെ മരണപ്പെട്ടു. മരണകാരണം സംബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് അടിയന്തിര വിഭാഗത്തിലെ മെഡിക്കല്‍ സംഘം നടത്തിയ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. കീടനാശിനിയുടെയോ രാസവസ്തുക്കളുടെ സാനിധ്യമാണ് മരണകാരണമെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ മരിക്കുന്നതിന്റെ തലേദിവസം ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയോഗിച്ചിരുന്നു.
ഇത് എ.സി വഴി ഇവരുടെ റൂമിലെത്തുകയും ഇത് ശ്വസിച്ചാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണം നടന്ന ഉടൻ തന്നെ സാംക്രമികരോഗ അന്വേഷണവിഭാഗത്തിന്റേയും വിഷചികിൽസാ കമ്മീഷന്റെയും നേതൃത്വത്തിൽ കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണം നടത്തിയിരുന്നു. ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിക്കുകയും ചെയ് തിരുന്നു. ഇതിൽ നിന്നാണ് മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് തെളിഞ്ഞത്.
കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഇതോടെയാണ് ഭക്ഷ്യവിഷബായാണോ എന്ന സംശയം ഉയർന്നത്. നടപടികൾ പൂര്‍ത്തിയായി മൃതദേഹങ്ങൾക്ക് വിട്ടുകൊടുത്ത കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നാളെ ദോഹയില്‍ ഖബറടക്കും. ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല